ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്താനൊരുങ്ങി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാഗമായി 19 ജനവാസമേഖലയിൽ പുതിയ റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 2026 രണ്ടാം പാദത്തിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രാഫിക് അപ്ഗ്രേഡ്, റോഡ് സൈഡ് പാർക്കിങ്, നടപ്പാതകൾ, തെരുവുവിളക്കുകൾ അടക്കമുള്ള സമഗ്ര റോഡ് വികസന പദ്ധതിയാണ് ആർടിഎ വിഭാവനം ചെയ്യുന്നത്. അൽ ഖവാനീജ് വൺ, അൽ ബർഷ സൗത്ത് വൺ, ജുമൈറ വൺ, സബീൽ വൺ, അൽ റാഷിദിയ്യ, അൽ ഖൂസ് എന്നിങ്ങനെ 19 പ്രദേശങ്ങളിലാണ് പുതിയ റോഡുകൾ നിർമ്മിക്കുന്നത്.
തദ്ദേശവാസികളുടെ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. പതിനൊന്നര കിലോമീറ്ററാണ് റോഡുകളുടെ ആകെ നീളം. റോഡുകളുടെ നിർമ്മാണം പൂർത്തിയായാൽ യാത്രാ സമയം 40 ശതമാനം വരെ കുറയുമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.