തുടർച്ചയായ ഒമ്പതാം വർഷവും ഏറ്റവും തിരക്കുള്ള അന്താരാഷ്ട്ര വിമാനത്താവളമെന്ന നേട്ടം നിലനിർത്തി ദുബായ്. 2022ലെ കണക്കുകൾ വിലയിരുത്തി എയർപോർട്സ് കൗൺസിൽ ഇന്റർനാഷണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ദുബൈ വിമാനത്താവളത്തിന്റെ യാത്രക്കാരുടെ എണ്ണം മുൻവർഷത്തേക്കാൾ ഇരട്ടിയായായെന്നും കണക്കുകൾ.
നിലവിൽ യാത്രക്കാരുടെ എണ്ണം 6.6 കോടി പിന്നിട്ടെന്നും കോവിഡിന് ശേഷം അന്താരാഷ്ട്ര, പ്രാദേശിക തലങ്ങളിൽ വമ്പിച്ച തിരിച്ചു വരവാണ് ദുബായ് വിമാനത്താവളം നടത്തിയതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2023ൽ യാത്രക്കാരുടെ എണ്ണം 7.8 കോടി കവിയുമെന്നാണ് നിഗമനം. 2021നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 127 ശതമാനത്തിന്റെ വർധനയാണ് ദുബായ് വിമാനത്താവളത്തിൽ ഉണ്ടായത്.
നേട്ടം നിലനിർത്താനുളള ശ്രമങ്ങൾ തുടരുമെന്ന് ദുബായ് എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്ത് പറഞ്ഞു. വിമാനയാത്രക്കാരുടെ ആവശ്യം ലോകത്ത് എല്ലായിടത്തും വർധിച്ചിട്ടുണ്ടെന്നും ദുബായിയെ വേറിട്ടു നിർത്തിയത് ജീവനക്കാരുടെ അർപ്പണബോധവും സേവന മികവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസിഐയുടെ റിപ്പോർട്ട് അനുസരിച്ച് ലണ്ടനിലെ ഹീത്രൂ വിമാനത്താവളം(5.8 കോടി), ആംസ്റ്റർഡാം വിമാനത്താവളം (5.2 കോടി), പാരിസ് വിമാനത്താവളം (5.1 കോടി), ഇസ്തംബുൾ വിമാനത്താവളം (4.8 കോടി) എന്നിവയാണ് മുൻനിരയിലുളളത്.