ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടി ദുബായിലെ സ്വകാര്യ സ്കൂളുകൾ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (OECD) അതിന്റെ പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസസ്‌മെന്റിന്റെ (പിസ 2022) ഫലങ്ങൾ പുറത്തുവിട്ടപ്പോഴാണ് ദുബായിലെ സ്കൂളുകൾ ഈ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
വിദ്യാർത്ഥികളുടെ വൈദഗ്ധ്യവും അറിവുമാണ് പിസ പരിഗണിക്കുന്നത്. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ നേട്ടം എക്‌സിൽ പങ്കുവെച്ചത്. മികച്ച നേട്ടം സ്വന്തമാക്കിയ എല്ലാ വിദ്യാഭ്യാസ ജീവനക്കാർക്കും നന്ദി പറഞ്ഞു.
ലോകമെമ്പാടുമുള്ള 81 രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയാണ് പിസ പഠനം നടത്തിയത്. ദുബായ് സ്കൂളുകളുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടം അവരുടെ ഗണിതശാസ്ത്ര പ്രകടനത്തിലാണ്. പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസസ്‌മെന്റിന്റെ (പിസ) പട്ടികയിൽ 2015ൽ 34 ആം സ്ഥാനത്തായിരുന്നു ദുബായ്. 34 ൽ നിന്ന് 2023 ആയപ്പോഴേക്കും 9 ആം സ്ഥാനത്തെത്തി. കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇപ്പോൾ ദുബായ് 9-ാം സ്ഥാനത്ത് എത്തിയത്. പിസ ഫലമനുസരിച്ച് എമിറേറ്റ് വായനയിൽ 13-ാം സ്ഥാനത്തും ശാസ്ത്രത്തിന് 14-ാം സ്ഥാനവുമാണ്. “നമ്മുടെ പൗരന്മാർക്കും താമസക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മെച്ചപ്പെട്ട ജീവിത നിലവാരത്തിന് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഗണ്യമായ സംഭാവന നൽകുന്നുവെന്ന് ,” ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഈ നേട്ടം സാധ്യമാക്കിയ എമിറേറ്റിലെ വിദ്യാഭ്യാസ മേഖലയിലെ എല്ലാ ജീവനക്കാർക്കും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) യ്ക്കും ദുബായ് കിരീടാവകാശി നന്ദി അറിയിച്ചു. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ ഫലപ്രാപ്തിയെ വിലയിരുത്തുന്നതാണ് OECD.