കുറ്റകൃത്യങ്ങൾ അതിവേഗം കണ്ടെത്തുന്നതിനായി പുതിയ ഫോറൻസിക് മെഡിസിൻ കേന്ദ്രം ആരംഭിക്കാനൊരുങ്ങി ദുബായ് പൊലീസ്. പുതിയ കേന്ദ്രം ആരംഭിക്കുന്നതോടെ പരിശോധനകൾക്ക് വെറും മണിക്കൂറുകൾ മാത്രമാണ് എടുക്കുകയെന്നും റിപ്പോർട്ടിൽ 95 ശതമാനം കൃത്യതയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
സാധാരണ ഗതിയിൽ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ 10 ദിവസത്തോളം സമയമെടുക്കുമ്പോൾ ഇവിടെ രണ്ട് മണിക്കൂർ മാത്രമാണ് ആവശ്യമായി വരിക. അതോടൊപ്പം ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനം കുറയ്ക്കാനും സാധിക്കും. വെർച്വൽ ഓട്ടോപ്‌സി സാങ്കേതികവിദ്യകളും അഡ്വാൻസ്സ് കംപ്യൂട്ടഡ് ടോമോഗ്രാഫി ടെക്നിക്കുകളും ഇവിടെ ലഭ്യമാകും.
ടെസ്റ്റിന്റെ സമയം 48 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുന്ന ആധുനിക പാത്തോളജി ലാബും ഫലങ്ങളുടെ കൃത്യത 90 ശതമാനം വർദ്ധിപ്പിക്കുന്ന ലൈംഗികാതിക്രമം പരിശോധിക്കുന്നതിനുള്ള വിപുലമായ ഉപകരണങ്ങളും കെട്ടിടത്തിലുണ്ടാകുമെന്ന് ദുബായ് പൊലീസിലെ അസിസ്റ്റന്റ് ബയോളജിക്കൽ വിദഗ്ധൻ സെക്കൻഡ് ലെഫ്റ്റനന്റ് ഹസ്സ അൽ ബ്ലൂഷി പറഞ്ഞു.
കെട്ടിടത്തിന്റെ നിർമ്മാണം ടുണീഷ്യ സ്ട്രീറ്റിൽ പുരോഗമിക്കുകയാണ്. 2026 അവസാനത്തോടെ ഫോറൻസിക് മെഡിസിൻ കേന്ദ്രം പ്രവർത്തന സജ്ജമാകുമെന്നാണ് വിലയിരുത്തൽ.