2023ൻ്റെ ആദ്യ പകുതിയിൽ ഒരു ട്രാഫിക് മരണങ്ങൾ പോലും റിപ്പോർട്ട് ചെയ്യാതെ നേട്ടത്തിലെത്തിയിരിക്കുകയാണ് ദുബായിലെ ഒരു പോലീസ് സ്റ്റേഷൻ . ദുബായ് അൽ ഖുസൈസ് പോലീസ് സ്റ്റേഷനാണ് ഈ നേട്ടത്തിലെത്തിയത്. മുൻ വർഷം ഇതേ പൊലീസ് സ്റ്റേഷൻ്റെ പരിധിയിൽ 9 വാഹനാപകടമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതായും അധികൃഡതർ സൂചിപ്പിച്ചു.
77 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് പൊലീസ് സ്റ്റേഷൻ്റെ അധികാര പരിധി. അൽ നഹ്ദ, അൽ ത്വാർ, അൽ മുഹൈസിന എന്നീ സ്ഥലങ്ങൾ ഉൾപ്പടെ വൈവിധ്യമാർന്ന പാർപ്പിട, വാണിജ്യ, വ്യാവസായിക മേഖലകളും ഈ അധികാര പരിധിയിലുണ്ടെന്ന് അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സുൽത്താൻ അബ്ദുല്ല അൽ അവെയ്‌സ് വ്യക്തമാക്കി.
പൊലീസ് സ്റ്റേഷനെ നേട്ടത്തിലേക്ക് നയിച്ച ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക്കിൻ്റെ ഏകോപനത്തേയും സ്റ്റേഷനിലെ ട്രാഫിക് റെക്കോർഡ്‌സ് വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളേയും സുൽത്താൻ അബ്ദുല്ല അൽ അവെയ്‌സ് അഭിനന്ദിച്ചു. പരിശീലനം ലഭിച്ച പട്രോളിംഗ് ഓഫീസർമാരുടെ വൈദഗ്ധ്യവും ട്രാഫിക് കാമ്പെയ്‌നുകളും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്‌റ്റേഷനിലെ കസ്റ്റമർ ഹാപ്പിനസ് വിഭാഗത്തിന്റെ ശ്രമങ്ങളെയും അൽ അവെയ്‌സ് പ്രശംസിച്ചു.