ഗരുതരമല്ലാത്ത ക്രിമിനൽ കേസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ കാലയളവിൽ 7.1 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. കൂടാതെ അജ്ഞാതർക്കെതിരെ ഫയൽ ചെയ്ത റിപ്പോർട്ടുകളുടെ എണ്ണം 14 ശതമാനം കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ്റേ പ്രകടനം വിലയിരുത്തുന്ന യോഗത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്. ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി യോഗത്തിൽ അധ്യക്ഷനായിരുന്നു.
നമ്പിയൊ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് ആഗോളതലത്തിൽ സുരക്ഷിതമായ ഏഴാമത്തെ നഗരമാണ് ദുബായ്. കൂടാതെ അബുദാബി, ദോഹ, ഷാർജ എന്നിവയും സുരക്ഷിതമായ ആദ്യ 10-ൽ ഇടം നേടിയിരുന്നു. ഇൻഷുർമിട്രിപ്പ് പുറത്തിറക്കിയ മറ്റൊരു ആഗോള പഠനം, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായും ദുബായെ തെരഞ്ഞെടുത്തിരുന്നു. കോണ്ടർ ഫെറീസ് ഗവേഷണ പ്രകാരം ആഗോളതലത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ 84 ശതമാനവും സ്ത്രീകളാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും തടയുകയും ചെയ്യുന്ന പദ്ധതി 2017 മുതൽ ദുബായ് നടപ്പാക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പോലീസിൻ്റെ കഴിവാണ് പദ്ധതിയുടെ വിജയം തെളിയിക്കുന്നത്. അതേസമയം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിഗ് ഡാറ്റ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളും കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാൻ ദുബായ് എമിറേറ്റിനെ സഹായിക്കുന്നതായും പൊലീസ് വ്യക്തമാക്കി.