ദുബായിലെ താമസക്കാരോടും വിശ്വാസികളോടും മോസ്‌കുകൾക്ക് ചുറ്റുമുള്ള പാർക്കിംഗ് നിയമങ്ങൾ പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ദുബായ് പോലീസ്. തറാവീഹ്, ഖിയാം അൽ-ലൈൽ നമസ്‌കാര വേളകളിൽ വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നാണ് നിര്‍ദ്ദേശം. റമദാനിൽ മോസ്കുകൾക്ക് സമീപം തിരക്കേറുന്നത് കണക്കിലെടുത്താണ് നിർദ്ദേശം.
പള്ളികൾക്ക് ചുറ്റും പ്രാർത്ഥനാ സമയങ്ങളിൽ പൊലീസിൻ്റെ നിരീക്ഷണം വർദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കുമെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി വ്യക്തമാക്കി. മസ്ജിദുകൾക്ക് ചുറ്റും ക്രമരഹിതമായി പാർക്ക് ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായും ഇത് ഗതാഗത തടസ്സങ്ങൾക്ക് കാരണമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടപ്പാതകൾ തടസ്സപ്പെടുത്തുന്നതും അംഗീകരിക്കാനാകില്ല. എക്സിറ്റുകളിലും തടസ്സം സൃഷ്ടിക്കുന്നത് കുറ്റകരമാണ്. പ്രാർത്ഥനകൾക്ക് എത്തുന്നവർത്തും പൊതു സമൂഹത്തിനും തടസ്സം ഉണ്ടാകാത്ത വിധം വാഹന പാർക്കിംഗിന് ശ്രദ്ധിക്കണമെന്നു മേജർ ജനറൽ അൽ മസ്റൂയി വിശദമാക്കി. പാർക്കിംഗുമായി ബന്ധപ്പെട്ട് നേരത്തെ അബുദാബിയും കർശന നിർദ്ദേശങ്ങൾ പുറത്തുവിട്ടിരുന്നു.