നവംബർ 12 ഞായറാഴ്ച രാവിലെ ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫ പാർക്ക് ഇന്റർചേഞ്ച് (രണ്ടാം ഇന്റർചേഞ്ച്) വരെയുള്ള രണ്ട് ദിശകളിലും ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം അടച്ചിടും. വാർഷിക ദുബായ് റൈഡ് സൈക്ലിംഗ് ഇവന്റ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റോഡ് അടച്ചിടുന്നത്. ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, ട്രേഡ് സെന്റർ സ്ട്രീറ്റ് എന്നിവയും അടച്ചിടും. എന്നാൽ റോഡുകൾ എത്ര ദിവസത്തേക്കായിരിക്കും അടച്ചിടുക എന്ന് അധികൃതർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം പുലർച്ചെ 4 മുതൽ രാവിലെ 9 വരെ അഞ്ച് മണിക്കൂർ അടച്ചിരുന്നു. റൈഡ് രാവിലെ 6.15 ന് ആരംഭിച്ച് 8.15 നുള്ളിൽ അവസാനിക്കുന്ന തരത്തിലായിരിക്കും.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അൽ ഹാദിഖ സ്ട്രീറ്റ്, അൽ വാസൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ മൈദാൻ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ്, 2nd സഅബീൽ സ്ട്രീറ്റ് എന്നിവയുൾപ്പെടെയുള്ള ഇതര റൂട്ടുകൾ വാഹനം ഓടിക്കുന്നവർക്കായി നിർദേശിച്ചിട്ടുണ്ട്. 2nd ഡിസംബർ സ്ട്രീറ്റ്, അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയും സഞ്ചരിക്കാം.
ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2017-ൽ ആരംഭിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) മുൻനിര ഇവന്റുകളിൽ ഒന്നാണ് ദുബായ് റൈഡ്. ബുർജ് ഖലീഫ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് വാട്ടർ കനാൽ, ഷെയ്ഖ് സായിദ് റോഡിലെയും ഡൗൺടൗൺ ദുബായിലെയും മറ്റ് ആകർഷണങ്ങൾ എന്നിവയുൾപ്പെടെ ദുബായുടെ ഐക്കണിക് ലാൻഡ്മാർക്കുകൾ മറികടക്കാൻ കഴിയുന്ന റൈഡർമാർക്ക് അനുയോജ്യമായ രണ്ട് സൈക്ലിംഗ് റൂട്ടുകൾ ഇതിലുണ്ട്. കഴിഞ്ഞ വർഷത്തെ ദുബായ് റൈഡ് എഡിഷനിൽ 34,897 സൈക്ലിസ്റ്റുകൾ പങ്കെടുത്തു.