ദുബായ് മിറക്കിള്‍ ഗാര്‍ഡൻ്റെ പതിനൊന്നാം സീസണ്‍ ഈ മാസം 10 മുതൽ. 120ലേറെ ഇനങ്ങളിൽപ്പെട്ട 15 കോടിയിലേറെ പൂക്കള്‍ കൊണ്ട് മനോഹര കാഴ്ചകൾ സന്ദര്‍ശകർക്കായി ഒരുക്കിയിരിക്കുന്നു. വിവിധയിടങ്ങളിൽ നിന്ന് എത്തിച്ച അപൂര്‍വ്വ പുഷ്പങ്ങളും അലങ്കാര ചെടികളും കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ രൂപങ്ങള്‍, ഗോപുരങ്ങള്‍, മൃഗങ്ങള്‍ എന്നിങ്ങനെ കാഴ്ചക്കാര്‍ക്ക് മുന്നിലേക്ക് തുറന്നിടുന്നത് ഒരു അത്ഭുതലോകം തന്നെയാണ്.
ഘോഷയാത്ര, നാടോടി സംഗീതം, സൂംബ നൃത്തം, കാര്‍ട്ടൂണ്‍ മേളകള്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി തയാറാണ്. 72,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ദുബായിലെ മിറക്കിള്‍ ഗാര്‍ഡന്‍ 2011 മുതലാണ് സന്ദര്‍ശകര്‍ക്കായി തുറന്നത്. അന്നു മുതല്‍ ദുബായ് നഗരത്തിൻ്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഈ ഗാർഡൻ.
മൂന്നു തവണ ഗിന്നസ് ലോക റെക്കോര്‍ഡിലും ഇടംനേടി മിറക്കിൾ ഗാർഡൻ. 2016ല്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കള്‍ കൊണ്ടുള്ള നിര്‍മ്മിതിക്കായിരുന്നു ലോക റെക്കോര്‍ഡ് നേടിയത്. എമിറേറ്റ്‌സ് എയര്‍ബസ് എ380യുടെ പൂക്കള്‍ കൊണ്ടുള്ള നിര്‍മ്മിതിയായിരുന്നു അത്.
2018ല്‍ മിക്കി മൗസ് എന്ന കാർട്ടൂൺ കഥാപാത്രത്തിൻ്റെ ഭീമന്‍ പുഷ്പ ശില്പവും ഗിന്നസ് റെക്കോര്‍ഡിൽ ഇടംനേടി. 2019ലും ലോക റെക്കോര്‍ഡ് നേടിയിരുന്നു.
2022ൽ ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ട്. മുതിര്‍ന്നവരുടെ (12 വയസ്സിന് മുകളില്‍) ടിക്കറ്റിന് 75 ദിര്‍ഹവും കുട്ടികളുടെ ടിക്കറ്റിന് 60 ദിര്‍ഹവുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രവേശന സമയം. ശനി, ഞായര്‍ മറ്റ് പൊതു അവധി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 11 വരെയും പ്രവേശനം അനുവദിക്കും.