ദുബായുടെ ഷോപ്പിംഗ് അടയാളമായ ദി ദുബായ് മാളിന്റെ പേരില്‍ പരിഷ്കരണം. ആളുകളുടെ സാധാരണ പ്രയോഗത്തിലേക്ക് മാളിന്‍റെ പേര് ചുരുക്കി. ദി ദുബായ് മാൾ ഇനി മുതല്‍ ദുബായ് മാൾ എന്ന് അറിയപ്പെടും. പേരിനൊപ്പമുണ്ടായിരുന്ന ‘ദി’ എന്ന വിശേഷണമാണ് ഒഴിവാക്കിയത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് മാളിന്‍റെ പേരുമാറ്റം അധികൃതര്‍ അറിയിച്ചത്. ‘പുതിയ പേര് പക്ഷേ ഇപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട മാള്‍ എന്ന കുറിപ്പോടെയായിരുന്നു മാള്‍ അധികൃതര്‍ പോസ്റ്റ്. ഇതോടെ സോഷ്യല്‍മീഡിയില്‍ നിരവധിപ്പേര്‍ അഭിപ്രായ പ്രകടനവുമായെത്തി. ചിലര്‍ സന്തോഷം പങ്കുവച്ചപ്പോൾ മറ്റുചലര്‍ പഴയ പേരുമതിയെന്ന പ്രതികരിച്ചു. ദുബായ് മാളിന്റെ പേരിലൊരു `ദി’ ഉണ്ടെന്ന കാര്യം ഇപ്പോഴാണ് ശ്രദ്ധിക്കുന്നതെന്ന കമന്റുകളും നിരവധി ആളുകൾ പങ്കുവച്ചു.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന റീട്ടെയ്ല്‍, ലൈഫ് സ്റ്റൈല്‍ വ്യാപാര കേന്ദ്രമാണ് ദുബായ് ഡൗണ്‍ടൗണില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് മാൾ. 1200ല്‍ അധികം റീട്ടെയ്ല്‍ ഷോപ്പുകൾ മാളിലുണ്ട്. 200ല്‍ അധികം ഭക്ഷണ കേന്ദങ്ങളും പ്രത്യേകതയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് അഭിരുചികൾക്ക് അനുസൃതമായി ഷോപ്പിംഗിന് അവസരമുണ്ട്. വിവിധ എന്‍റര്‍ടെയ്മെന്‍റ് കാഴ്ചകളും ഫോട്ടോഷൂട്ട് കേന്ദ്രങ്ങളും ദുബായ് മാളിന്റെ ആകര്‍ഷണമാണ്. കുട്ടികൾക്കായുളള പ്രത്യേക ഇടങ്ങളുമുണ്ട്.
ബുര്‍ജ് ഖലീഫയുടെ സമീപമാണ് ദുബായ് മാൾ. അതുകൊണ്ടുതന്നെ ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കുന്നവര്‍ക്കും ദുബായ് മാൾ ഷോപ്പിംഗ് അനുഭവങ്ങൾ സമ്മാനിക്കുന്നുണ്ട്.