ഇനി അവശ്യവസ്തുക്കൾ നിങ്ങളുടെ കൈകളിൽ പറന്നെത്തും. ഡ്രോണുകൾ വഴി അവശ്യവസ്തുക്കളുടെയും പാഴ്സലുകളുടെയും ഡെലിവറി ദുബായിൽ ഔദ്യോഗികമായി ആരംഭിച്ചു. പ്രമുഖ ഡ്രോൺ കമ്പനിയായ കീറ്റ ഡ്രോണിന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇതിന് ലൈസൻസ് നൽകിയത്.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ആദ്യ ഓർഡർ ബുക്ക് ചെയ്‌ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദുബായ് സിലിക്കൺ ഒയാസിസിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. പശ്ചിമേഷ്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഡെലിവറി സർവീസ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ 6 ഡ്രോണുകളാണ് സർവീസ് നടത്തുക.
അത്യാധുനികമായ ഹെക്‌സ കോപ്‌ടറുകളാണ് കീറ്റ ഡെലവറിക്കായി ഉപയോഗിക്കുന്നത്. 2.3 കിലോഗ്രാം വരെ ഭാരമുള്ള വസ്‌തുക്കളാണ് നിലവിൽ കീറ്റ ഡ്രോണുകൾ വഴി ഉപഭോക്താക്കളുടെ വീടുകളിൽ എത്തുക.