പുതുവർഷ ആരംഭത്തിൽ തന്നെ ദുബായ് ഇന്റർനാഷണൽ (DXB) ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി മാറി. ഏവിയേഷൻ കൺസൾട്ടൻസി OAG പുറത്തുവിട്ട ഡാറ്റയിലാണ് ഈ നേട്ടം ചൂണ്ടികാണിക്കുന്നത്. ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ ആസ്ഥാനമായ ദുബായ് ഇന്റർനാഷണൽ 2024 ജനുവരിയിൽ 5 ദശലക്ഷം സീറ്റുകൾ രേഖപ്പെടുത്തിയാണ് ഒന്നാമതെത്തിയത്. അമേരിക്കയിലെ അറ്റ്‌ലാന്റ ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ ഇന്റർനാഷണൽ എയർപോർട്ട് (ATL) 4.7 ദശലക്ഷം സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അറ്റ്‌ലാന്റ ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ ഇന്റർനാഷണൽ വിമാനത്താവളത്തിന്റെ ശേഷി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം 8 ശതമാനം കുറവാണ് പുതുവർഷാരംഭത്തിൽ രേഖപ്പെടുത്തിയത്. 2023 ജനുവരിയിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ആഗോള വിമാനത്താവളമായിരുന്നു, 2019 ൽ ഇത് മൂന്നാമതായിരുന്നു.
2023-ൽ 56.5 ദശലക്ഷം സീറ്റുകളുള്ള DXB-യെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായും OAG തിരഞ്ഞെടുത്തു. യഥാക്രമം 53.98 ദശലക്ഷവും 45.27 മില്യണും സീറ്റിംഗ് കപ്പാസിറ്റിയുള്ള 2022, 2019 വർഷങ്ങളിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം കൂടിയായ മിഡിൽ ഈസ്റ്റ് ഏവിയേഷൻ ഹബ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സീറ്റുകളിൽ 25 ശതമാനം വർധന രേഖപ്പെടുത്തി. ടോക്കിയോ ഇന്റർനാഷണൽ (ഹനേഡ), ഗ്വാങ്‌ഷോ, ലണ്ടൻ ഹീത്രൂ, ഡാളസ്/ഫോർട്ട് വർത്ത്, ഷാങ്ഹായ് പുഡോംഗ്, ഡെൻവർ ഇന്റർനാഷണൽ, ഇസ്താംബുൾ, ബീജിംഗ് ക്യാപിറ്റൽ ഇന്റർനാഷണൽ എയർപോർട്ടുകൾ ജനുവരിയിലെ ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയത്.