ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം. ഒരുമാസം നീണ്ടുനിൽക്കുന്ന ചലഞ്ച് നവംബർ 26 ഞായറാഴ്ച സമാപിക്കും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്.
എമിറേറ്റിലെ നിവാസികൾക്കിടയിലും സന്ദർശകർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 2017ലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം.
ഒരു മാസത്തെ കാലയളവിൽ ദിനസേന 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ ഫിറ്റ്നസ് ചലഞ്ച് ദുബായിലെ താമസക്കാരോട് ആഹ്വാനം ചെയ്യുന്നു. ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ദുബായ് റൈഡ് 2022 നവംബർ 12-നും ദുബായ് റൺ 2023 നവംബർ 26-നും നടക്കും. ഇതിനായി രജിസ്‌ട്രേഷൻ നടപടികളും പുരോഗമിക്കുകയാണ്.
2022ലെ ഡിഎഫ്‌സിയില്‍ 2.2 ദശലക്ഷം പേര്‍ പങ്കെടുത്തിരുന്നു. ഷെയ്ഖ് സായിദ് റോഡിൽ നടന്ന ദുബായ് റൈഡില്‍ ഏകദേശം 35,000 സൈക്ലിസ്റ്റുകളും ദുബായ് റണ്ണില്‍ 193,000 ഓട്ടക്കാരും പങ്കെടുത്തു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ താല്‍പര്യപ്രകാരമാണ് ഫിറ്റ്നസ് ചലഞ്ചിന് ആരംഭം കുറിക്കുന്നത്.