മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാഗമായി എമിറേറ്റിലെ ചില റോഡുകൾ കുറച്ച് സമയം അടച്ചിടുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുലർച്ചെ 3.30 മുതൽ രാവിലെ 10 മണി വരെയാണ് റോഡുകളിൽ നിയന്ത്രണം.
ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം, ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ നിന്നുള്ള വൺവേ റോഡ് എന്നിവയാണ് താത്കാലികമായി അടച്ചിടുക. പകരം യാത്രക്കാർ അൽ മുസ്താഖ്ബൽ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് എന്നീ റോഡുകൾ ഉപയോഗിക്കണമെന്നും ആർടിഎ അറിയിച്ചു.
ദുബായ് മെട്രോയുടെ സമയവും നീട്ടിയിട്ടുണ്ട്. ദുബായ് മെട്രോ റെഡ് ലൈനും ഗ്രീൻ ലൈനും ഞായറാഴ്ച പുലർച്ചെ മൂന്ന് മുതൽ സർവീസ് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 12 മണി വരെ പ്രവർത്തിക്കും. പതിനായിര കണക്കിന് താമസക്കാരാണ് ദുബായ് റൈഡിൽ പങ്കെടുക്കാനായി എത്തുക.
കഴിഞ്ഞ വർഷം 35000ത്തിലധികം പേരാണ് പങ്കെടുത്തിരുന്നത്. പൊതുജനങ്ങളിൽ ആരോഗ്യ ശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് സർക്കാർ നടത്തുന്ന ഒരുമാസം നീണ്ടു നിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ എട്ടാമത് എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്.