ദുബായ് എക്‌സ്‌പോ സിറ്റി അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി റീം അൽ ഹാഷിമിയെ നിയമിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ഉത്തരവ്.
ഔദ്യോഗിക ഗസറ്റിലാണ് വിജ്ഞാപനം. ലോകമേള നടന്ന ദുബായ് എക്പോ സിറ്റിയെ നിലനിര്‍ത്താനും പുതിയ കാലത്തിന് അനുസൃതമായി ഉപയോഗപ്പെടുത്താനും നേരത്തെ തീരുമാനിച്ചിരുന്നു.
അതോറിറ്റിയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, ഘടന, ചെയർമാന്‍റേയും സി.ഇ.ഒ.യുടെയും ഉത്തരവാദിത്തങ്ങൾ എന്നിവ വിശദീകരിച്ചാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. അതോറിറ്റിയുടെ സാമ്പത്തിക സ്രോതസ്സുകളും ബജറ്റും ലൈസൻസിംഗും ഉൾപ്പെടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും, ബാധ്യതകളുമാണ് പുറത്തിറക്കിയ പ്രമേയത്തിലുൾക്കൊളളിച്ചിട്ടുളളത്.
എക്‌സ്‌പോ 2020ന്റെ അസാധാരണമായ വിജയം ദുബായിയെ ആഗോള നേട്ടത്തിന്റെ നെറുകയില്‍ എത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളും സ്ഥാപനങ്ങളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഏകീകരണം എക്‌സ്‌പോ സിറ്റി വഴി തുടരാനാണ് ദുബായുടെ നീക്കം.
ആഗോള എക്‌സിബിഷനുകൾക്കും ഇവന്റുകൾക്കുമായി ദുബായില്‍ ഒരിടം എന്ന നിലയിലാണ് ദുബായ് എക്പോ സിറ്റിയെ മാറ്റിയെടുക്കുക.. ഇതിന്‍റെ ഭാഗമായി ദുബായ് എക്‌സ്‌പോ സിറ്റിയിൽ COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുമെന്നും യുഎഇ പ്രസിഡന്റ് വ്യക്തമാക്കി.