ഈദ് അൽ ഫിത്തറിന് യാത്രക്കാരുടെ കനത്ത തിരക്കായിരിക്കും ദുബായ് വിമാനത്താവളത്തിൽ അനുഭവപ്പെടുക. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് 19 അധിക വിമാനങ്ങൾ മേഖലയിലുടനീളം അനുവദിച്ചു.
ഈ അവധിക്കാലത്ത് 1,50,000-ത്തിലധികം യാത്രക്കാരെയാണ് എമിറേറ്റ്‌സ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, ജിദ്ദ, കുവൈറ്റ്, ബെയ്‌റൂട്ട്, അമ്മാൻ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവ്വീസുകളാണ് ഇപ്പോൾ എമിറേറ്റ്സ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏപ്രിൽ 7 മുതൽ 13 വരെ എമിറേറ്റ്സ് ജിദ്ദയിലേക്ക് ഏഴ് വിമാനങ്ങൾ അധികമായി കൂട്ടിച്ചേർക്കും.
എമിറേറ്റ്സ് ഏപ്രിൽ 7 നും 20 നും ഇടയിൽ കുവൈറ്റിലേക്ക് ആറ് അധിക സർവ്വീസുകൾ നടത്തും. ബഹ്‌റൈനിലേക്കുള്ള എമിറേറ്റ്‌സിൻ്റെ ഫ്ലൈറ്റ് ഷെഡ്യൂൾ മെയ് 2 മുതൽ 22 പ്രതിവാര ഫ്ലൈറ്റുകളായി വിപുലീകരിക്കും. ദുബായിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് പ്രത്യേകം തയ്യാറാക്കിയ ഈദ് മെനു നൽകും. ചിക്കൻ ബിരിയാണി, ലാംബ് കിബ്ബെ ലബാനി, മക്ബൗസ്, വാനില, റോസ് മൗസ് കേക്ക് എന്നിവയും മറ്റ് രുചികരവും മധുരവുമായ വിഭവങ്ങൾക്കൊപ്പം നൽകപ്പെടും.