സ്‌മാർട്ട് ബോൾ സാങ്കേതികവിദ്യയിലൂടെ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) 2023ൽ ലാഭിച്ചത് 243 ദശലക്ഷം ഗാലൻ വെള്ളവും 9.66 ദശലക്ഷം ദിർഹവും. ദുബായ് യൂട്ടിലിറ്റി കമ്പനി ജലഗതാഗത ഭൂഗർഭ പൈപ്പ് ലൈനുകളിലെ ചോർച്ച കണ്ടെത്തുന്നതിൽ നൂതന സാങ്കേതികവിദ്യയായ സ്‌മാർട്ട് ബോൾ സംവിധാനം ആണ് ഉപയോഗിച്ചത്.
പരമ്പരാഗത രീതികൾ ഉപയോഗിച്ച് സാധാരണയായി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള ചോർച്ച സ്‌മാർട്ട് ബോൾ സാങ്കേതികവിദ്യയിലൂടെ ഏറ്റവും വേഗത്തിൽ കണ്ടെത്താൻ സാധിച്ചു. 2021 ഏപ്രിലിൽ സ്‌മാർട്ട് ബോൾ സാങ്കേതികവിദ്യ നടപ്പിലാക്കിയതുമുതൽ 2023 അവസാനം വരെ ദുബായിലെ ജലവിതരണ ശൃംഖലയിൽ 81 ചോർച്ചകൾ കണ്ടെത്തി.
ഭാവിയെ മുൻകൂട്ടികണ്ട് ഏറ്റവും പുതിയ ടൂളുകൾ, മികച്ച ശാസ്ത്രീയ ആസൂത്രണം, തടസ്സമില്ലാത്തതും വേഗതയേറിയതും ഫലപ്രദവുമായ സ്മാർട്ട് ഗ്രിഡ് പ്രവർത്തനം എന്നിവയെയാണ് ദേവ ആശ്രയിക്കുന്നതെന്ന് ദേവയുടെ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റ അക്വിസിഷൻ (എസ്‌സിഎഡിഎ) സംവിധാനങ്ങൾ ഉപയോഗിച്ചാണ് കമ്പനി ദുബായിലെ ജല ശൃംഖലയെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.