സ്വർണ്ണ നഗരം എന്നറിയപ്പെടുന്ന ദുബായ് സ്വർണം പൂശിയ കാർ മുതൽ വാച്ചുകൾ വരെ കണ്ടിട്ടുണ്ട്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഒരു ബ്രിട്ടീഷ് റേസിംഗ് സൈക്കിളാണ്. 1.5 മില്യൺ ദിർഹമാണ് ഇതിന്റെ വില. ഒരു റോൾസ് റോയ്‌സിനേക്കാൾ വില വരും.
റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ റൊമൈസാൻ ഗോൾഡ് ആൻഡ് ജ്വല്ലറി ദുബായിൽ നിർമ്മിച്ചതാണ് ഈ സൈക്കിൾ. ഏകദേശം 4 കിലോ സ്വർണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 7 കിലോ ഭാരമുണ്ട്. ഡ്രോപ്പ് ഹാൻഡിൽബാറിന്റെ അറ്റം മുതൽ വീൽ സ്റ്റേകൾ വരെ, ഗിയർ ചെയിനിന്റെ എല്ലാ വരമ്പുകളും ഉൾപ്പെടെയുള്ള മറ്റെല്ലാ ഭാഗങ്ങളും 24K സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സൈക്കിൾ വെറുമൊരു ഷോപീസ് മാത്രമല്ല, വാങ്ങുന്നയാൾക്കും അത് ഓടിക്കാൻ കഴിയും. ടയറുകളും ബ്രേക്കുകളും സീറ്റുകളും അനുബന്ധ ഭാഗങ്ങളും സ്വർണ്ണം കൊണ്ട് നിർമ്മിച്ചതല്ല.
ഏകദേശം 20 ജീവനക്കാർ ആറുമാസമെടുത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഷാർജ എക്‌സ്‌പോയിൽ അടുത്തിടെ നടന്ന വാച്ച് ആൻഡ് ജ്വല്ലറി ഷോയിലും സൈക്കിൾ സന്ദർശകരെ വിസ്മയിപ്പിച്ചിരുന്നു.