നഗരത്തിലെ ട്രാഫിക് മാനേജ്‌മെന്റിൽ ടോൾ ഗേറ്റുകൾ പ്രധാന പങ്ക് വഹിക്കുന്നതിനാൽ പുതിയ സാലിക് ഗേറ്റുകളുടെ ആവശ്യമുണ്ടെന്ന് സാലിക് കമ്പനിയുടെ സിഇഒ ഇബ്രാഹിം അൽ ഹദ്ദാദ് അറിയിച്ചു. എന്നാൽ പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനം ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ (ആർടിഎ) നിക്ഷിപ്തമാണെന്നും ദുബായിലെ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ അംഗീകാരത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പുതിയ വരുമാന സ്രോതസ്സുകൾ വർധിപ്പിക്കുന്നതിനും ട്രാഫിക് കുറയ്ക്കുന്നതിനും വേണ്ടി ട്രാഫിക് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി 2007-ൽ ആർടിഎയാണ് ടോൾ ഗേറ്റുകൾ കൊണ്ടുവന്നത്. നഗരത്തിലെ പ്രധാന ഇടനാഴികളിലുടനീളം എട്ട് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ടോൾ ഗേറ്റിലൂടെയുള്ള ഓരോ യാത്രയ്ക്കും നാല് ദിർഹമാണ് നിരക്ക്.
പുതിയ ഗേറ്റുകളുടെ ആവശ്യകതയുണ്ട്. എന്നാൽ സാങ്കേതിക വീക്ഷണകോണിൽ നിന്നുള്ള തീരുമാനം ആർടിഎയുടെ ഭാഗത്ത് നിന്നാണ് ഉണ്ടാവേണ്ടത്. അത് പഠിച്ച് ശുപാർശ ഉയർത്തുകയും പിന്നീട് അത് ദുബായിലെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് പോകുകയും ചെയ്യും. ഔദ്യോഗിക സ്ഥിരീകരണവും നിർദ്ദേശവും ലഭിച്ചുകഴിഞ്ഞാൽ നിലവിലുള്ള എട്ട് ഗേറ്റുകളും ഭാവിയിലെ ഏതെങ്കിലും ഗേറ്റുകളും പ്രവർത്തിപ്പിക്കാൻ സാലികിന് അർഹതയുണ്ടാവും എന്നും അൽ ഹദ്ദാദ് പറഞ്ഞു.