കെട്ടിട നിർമ്മണത്തിന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കും ഉൽപ്പന്നങ്ങൾക്കും ഫിറ്റിംഗുകൾക്കുംഅഗ്നി സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യകതകളും പ്രഖ്യാപിച്ച് ദുബായ് സിവിൽ ഡിഫൻസ്. അന്താരാഷ്ട്ര മാനദണ്ഡങ്ങളും സുരക്ഷയും കണക്കിലെടുത്ത് ഫയർ ടെസ്റ്റിംഗിലും ഫയർ ആൻഡ് സേഫ്റ്റി ഉൽപന്നങ്ങൾക്കും സംവിധാനങ്ങൾക്കും മതിയായ സർട്ടിഫിക്കേഷൻ നൽകാനും തീരുമാനമായി.
തീപിടിത്തത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള വാതിലുകൾ, ക്ലാഡിംഗ് മെറ്റീരിയലുകൾ, ഫേസഡ് സിസ്റ്റങ്ങൾ, റൂഫിംഗ് , പ്രതിരോധശേഷിയുള്ള എയർ ഡക്റ്റ് സിസ്റ്റങ്ങൾ പ്രീ-ഇൻസുലേറ്റഡ്, ഫയർ റെസിസ്റ്റൻ്റ് കേബിളുകൾ,എന്നിങ്ങനെയുളളവ നിർമ്മാണത്തിനായി ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുളള വയർലെസ് ഡിറ്റക്ഷൻ, അലാറം സംവിധാനങ്ങളും ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. ഈ ഉൽപന്നങ്ങളുടെ സാംപിളുകൾ എമിറേറ്റ്സ് സേഫ്റ്റി ലബോറട്ടറിയിൽ സമർപ്പിച്ച് (ഇ.എസ്.എൽ) നിലവാര പരിശോധനാ സർട്ടിഫറ്റ് നേടുകയും വേണം.
അഗ്നി സുരക്ഷാ ഉൽപന്നങ്ങളുടെയും സംവിധാനങ്ങളുടെയും നിർമ്മാതാക്കൾ, കൺസൾട്ടൻ്റുകൾ, ഡവലപ്പർമാർ, കരാറുകാർ, സുരക്ഷ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് കക്ഷികൾ എന്നിങ്ങളെ വിവിധ വകുപ്പുളിലെ ഉദ്യോഗസ്ഥർ എന്നിവരോടാണ് ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ റാഷിദ് താനി അൽ മത്രൂഷി പുതിയ നിർദ്ദേശം നൽകിയത്.
ദുബൈ എമിറേറ്റിനെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായ നഗരങ്ങളിൽ ഒന്നാക്കി മാറ്റുന്നതിന് പരിശോധന, സർട്ടിഫിക്കറ്റുകൾ നൽകൽ, ഉൽപ്പന്നങ്ങൾ രജിസ്റ്റർ ചെയ്യൽ എന്നിവയ്ക്കുള്ള പുതിയ നിയമങ്ങളും നിബന്ധനകളും സുരക്ഷാ ആവശ്യകതകളും അതോറിറ്റി പ്രഖ്യാപിച്ചു.ബഹുനില മന്ദിരങ്ങളിലെ തീപിടിത്തം ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. കഴിഞ്ഞ ദിവസം കരാമയിലുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ ഉൾപ്പടെ 16 പേർക്ക് ജീവൻ നഷ്ടമായിരുന്നു.