2023ല്‍ ദുബായ് രാജ്യാന്തര വിമാനത്താവളം ലക്ഷ്യം വയ്ക്കുന്നത് 7.8 കോടി യാത്രക്കാരെയെന്ന് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ വര്‍ഷം 6.6 കോടി യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി കടന്നുപോയതെന്നും 2019ന് ശേഷം യാത്രക്കാരുടെ എണ്ണം ഇത്രയും ഉയര്‍ന്നത് ആദ്യമായെന്നും ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
അതേസമയം ദുബായ് വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറഞ്ഞതും പ്രത്യേകതയാണ്. പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തിൽ 95.48 ശതമാനം യാത്രക്കാര്‍ക്കും ശരാശരി കാത്തിരിപ്പ് സമയം 13 മിനിറ്റില്‍ താഴെയാണ്. സമാനമായി പുറപ്പെടല്‍ നിരയില്‍ അഞ്ച് മിനിറ്റില്‍ താഴെ മാത്രമേ കാത്തിരിപ്പ് വേണ്ടിവരുന്നുള്ളൂ.96.38 ശതമാനം യാത്രക്കാരുടേയും സുരക്ഷാപരിശോധനയ്ക് ചിലവഴിക്കേണ്ടിവരുന്നത് മൂന്ന് മിനിറ്റ് സമയം മാത്രമാണ്.
ദുബായില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടി കോപ്പ് 28, ദുബായ് എയര്‍ഷോ തുടങ്ങി വലിയ ഇവന്‍റുകൾ കണക്കിലെടുക്കുമ്പോൾ കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നാണ് വിലയിരുത്തല്. 99 രാജ്യങ്ങളിലെ 229 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് ദുബായ് എയര്‍പോര്‍ട്ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.