ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ദുബായിൽ കൂടുതൽ സൗകര്യമൊരുങ്ങുന്നു. ദുബായ് ജലവൈദ്യുതി വകുപ്പിന്റെ (ദീവ) നേതൃത്വത്തിലാണ് ഗ്രീൻ ചാർജർ സ്റ്റേഷനുകൾ സജ്ജമാക്കുന്നത്. 400ലധികം ‘ഗ്രീൻ ചാർജർ’ സ്‌റ്റേഷനുകളാണ് നിലവിൽ വരിക.
ഇലക്ട്രിക് വാഹനങ്ങൾക്കായി 700 ചാർജിങ് സ്റ്റേഷനുകൾ നിലവിലുണ്ട്. ഇതിൽ മിക്ക ചാർജിങ് സ്‌റ്റേഷനുകളിലും ഒരേ സമയം രണ്ട് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. ഇതിന് പുറമെയാണ് 400ലധികം ഗ്രീൻ ചാർജർ സ്റ്റേഷനുകളും സ്ഥാപിക്കുന്നത്.
ചാർജിങ് നടപടികൾ ലളിതമാക്കാൻ ഗ്രീൻ ചാർജിങ് കാർഡുകളും അധികൃതർ വാഗ്ദാനം ചെയ്യുന്നുണ്ട്. വൈദ്യുതി വാഹനം ആർടിഎയിൽ രജിസ്‌റ്റർ ചെയ്തവർക്കാണ് ചാർജിങ് കാർഡുകൾ ലഭിക്കുക. ഗ്രീൻ ചാർജിങ് കാർഡ് ഉള്ളവർക്ക് മാത്രമാണ് ഗ്രീൻ ചാർജർ ഉപയോഗിക്കാൻ കഴിയുക. കാർഡുകൾ ഇല്ലാത്തവർക്ക് ഗെസ്റ്റ് മോഡ് തിരഞ്ഞെടുത്ത് താൽക്കാലികമായി ചാർജ് ചെയ്യാനും സാധിക്കും.