ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജത്തിലേക്കുള്ള പരിവർത്തന നീക്കത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് യുഎഇയെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ. ഗ്രീൻ ഫ്യൂച്ചർ ഇൻഡക്‌സിൻ്റെ (ജിഎഫ്ഐ) 2023ലെ എനർജി ട്രാൻസിഷനിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം യുഎഇ കരസ്ഥമാക്കിയിരുന്നു. കൂടാതെ സൗരോർജ്ജത്തിൻ്റെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ഉപഭോക്താവിൽ ആറാമത്തെ സ്ഥാനവും യുഎഇയ്ക്കാണ്.
2030-ൽ ഹരിതഗൃഹ വാതക ഉദ്‌വമനം 19 ശതമാനവും 2040-ൽ 62 ശതമാനവും കുറയ്ക്കാനും 2050-ഓടെ നെറ്റ് സീറോയിലെത്താനും യുഎഇ ലക്ഷ്യമിടുന്നുതെന്ന് അദ്ദേഹം വ്യക്തമാക്കി. 2030-ഓടെ പുനരുപയോഗ ഊർജത്തിൻ്റെ സംഭാവന മൂന്നിരട്ടിയാക്കി 150 ദിർഹം മുതൽ 200 ബില്യൺ ദിർഹം വരെ നിക്ഷേപിക്കാനും യു.എ.ഇ ലക്ഷ്യമിടുന്നു.
ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജമേഖലയിലെ പ്രോജക്ടുകളിലൂടെ 2050-ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള വേഗത്തിലാണ് DEWA എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ ആഗോള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിൻ്റെ ഉൽപ്പാദന ശേഷി 2,627 മെഗാവാട്ടിൽ എത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2050-ഓടെ ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഊർജ ഉൽപ്പാദന ശേഷിയുടെ 100 ശതമാനവും ലഭ്യമാക്കുന്നതിനായി ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബായ് നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 എന്നിവ കൈവരിക്കാനുള്ള പാതയിലാണ് DEWA എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.