2023 വർഷത്തിൻ്റെ ആദ്യ പകുതിയിൽ അബുദാബിയിലെ കോടതികൾ മൂന്ന് വ്യത്യസ്ത തലങ്ങളിലായി 37,536 തീരുമാനങ്ങൾ എടുത്തതായി കണക്കുകൾ. 29,808 തീരുമാനങ്ങൾ ട്രയൽ കോടതികളും 6,239 തീരുമാനങ്ങൾ അപ്പീൽ കോടതികളും 1,489 തീരുമാനങ്ങൾ പരമോന്നത കോടതിയും നടപ്പാക്കി.
അബുദാബിയിലെ കോടതികളുടെ പ്രവർത്തന പുരോഗതി വ്യക്തമാക്കുന്നതാണ് പുറത്തുവന്ന കണക്കുകൾ. കേസുകൾ വേഗത്തിൽ പരിഹരിക്കപ്പെടുന്നുവെന്നത് നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വ്യക്തമാക്കുന്നതാണെന്ന് എഡിജെഡിയിലെ ഉന്നത ഉദ്യോഗസ്ഥനായ യൂസഫ് സയീദ് അൽ അബ്രി പറഞ്ഞു.
യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉപരാഷ്ട്രപതിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും നിശ്ചയിച്ച ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ. മികച്ച സേവനങ്ങൾ നൽകുന്ന ആധുനികവും കാര്യക്ഷമവുമായ കോടതികൾ സൃഷ്ടിക്കാനുള്ള ജുഡീഷ്യൽ വകുപ്പിൻ്റെ പദ്ധതികളും ശ്രദ്ധേയമാണ്.
കൃതിമ ബുദ്ധി, മെഷീൻ ലേണിംഗ് തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകൾ കോടതി സംവിധാനത്തിൽ ഉപയോഗിക്കുന്നത് കേസുകൾ വേഗത്തിൽ പരിഹരിക്കാനും ക്ലിയറൻസ് നിരക്ക് മെച്ചപ്പെടുത്താനും സഹായിച്ചതായും അധികൃതർ അറിയിച്ചു.
വ്യക്തിത്വ കേസുകളിൽ 8,527, വാണിജ്യ കേസുകളിൽ 13,922, തൊഴിൽ കേസുകളിൽ 5,087, സിവിൽ കേസുകളിൽ 4,070, അനന്തരാവകാശ കേസുകളിൽ 1,888, വാടക കേസുകളിൽ 3,900, അഡ്മിനിസ്ട്രേറ്റീവ് കേസുകളിൽ 142 വിധികൾ എന്നിങ്ങനെയാണ് പുറത്തുവന്ന കണക്ക്.
റിപ്പോർട്ട് അനുസരിച്ച് അബുദാബി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ കോടതികൾ അബുദാബി മേഖലയിൽ 22,304 വിധികളും അൽ ഐൻ മേഖലയിൽ 7,039 വിധികളും ദഫ്ര മേഖലയിൽ 465 വിധികളും പുറപ്പെടുവിച്ചു. ഇതേ കാലയളവിൽ അബുദാബിയിലെ അപ്പീൽ കോടതികളിൽ 4,944 വിധികളും അൽ-ഐനിൽ 1,214 വിധികളും ദഫ്രയിൽ 81 വിധികളും പുറപ്പെടുവിച്ചതായും കണക്കുകൾ പറയുന്നു.