പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി മലബാറില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സർവീസ് കൊണ്ടുവരുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. ഇതിനായുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് മന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഓരോ സീസണിലും ഭീമമായ നിരക്കാണ് ഈടാക്കുന്നത്. ഇത് പ്രവാസി മലയാളികൾക്ക് പലപ്പോഴും തിരിച്ചടിയാകാറാണ് പതിവ്. കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്കും വിമാന ടിക്കറ്റിനായി മാത്രം ചെലവിടുന്നത് പ്രവാസികൾക്ക് ബുദ്ധിമുട്ടാക്കുന്നുണ്ട്. ഇത് തടയാൻ ആണ് പുതിയ പദ്ധതിയ്ക്ക് രൂപം നൽകാൻ ആലോചിക്കുന്നത്. കേരളത്തിലേക്ക് ആഡംബര ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി സംസ്ഥാന സർക്കാരിന്റെ ഗൾഫ് നാടുകളിൽ നിന്നുള്ള യാത്രാകപ്പൽ പദ്ധതിയിലുണ്ട്.
പ്രവാസികൾക്ക് കൊണ്ട് പോകാവുന്ന ലഗ്ഗേജിൽ നിയന്ത്രണങ്ങൾ കുറവെന്നതും യാത്ര ചെലവ് വിമാനടിക്കറ്റ് നിരക്കിന്റെ പകുതിയിൽ താഴെ മാത്രമാകും എന്നതും കപ്പൽ യാത്ര സർവീസിന്റെ ഗുണമാണ്. എന്നാൽ ചില ക്രൂയിസ് കപ്പലുകൾക്ക് 500 കാറിലുകളുടെ ഭാരം പോലും ഒരുമിച്ച് വഹിക്കാനുള്ള ശേഷി ഉള്ളതിനാൽ ചരക്ക് ഗതാഗതത്തിനും ഈ സേവനം ഉപയോഗിക്കാം. എന്നാൽ വിമാന യാത്രയുമായി താരതമ്യം ചെയ്യുമ്പോൾ കപ്പൽ യാത്രയുടെ ഏറ്റവും വലിയ പോരായ്മ എന്തെന്നാൽ യാത്ര ചെയ്യാൻ എടുക്കുന്ന സമയമാണ്. ഒരു കപ്പലിന് ദുബായ് തുറമുഖത്തുനിന്ന് കോഴിക്കോട്ടെ ബേപ്പൂരിലെത്താൻ മൂന്നര ദിവസമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.