യുഎഇയിൽ തകർത്തുപെയ്ത മഴയ്ക്ക് പിന്നിൽ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന് യുഎഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. ക്ലൗഡ് സീഡിംഗ് പ്രോഗ്രാമിൻ്റെ ഭാഗമായാണ് പെരുമഴ ഉണ്ടായതെന്ന ഊഹാപോഹങ്ങൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് വിശദീടകരണം.
മഴമേഘങ്ങളുടെ പ്രാരംഭഘട്ടത്തിലാണ് ക്ലൌഡ് സീഡിംഗ് ദൌത്യം നടത്തുക. എന്നാൽ തീവ്ര കാലാവസ്ഥാ സംഭവങ്ങളിൽ ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ നടത്താറില്ലെന്നും ജനങ്ങളുടെയും പൈലറ്റുമാരുടെയും വിമാനങ്ങളുടെയും സുരക്ഷ കണക്കിലെടുക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി പറഞ്ഞു.
മഴ മേഘങ്ങളെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതാണ് ക്ലൌഡ് സീഡിംഗിൻ്റെ അടിസ്ഥാന തത്വം. എന്നാൽ കൊടുങ്കാറ്റോ അപകടകരമായ മേഘങ്ങളൊ ഉണ്ടാകുമ്പോൾ സീഡിംഗ് വിമാനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് പതിവ്. അതേസമയം ബുധനാഴ്ച വരെ നീണ്ടുനിൽക്കുന്ന മഴയെപ്പറ്റിയും കാറ്റിനെപ്പറ്റിയും എൻസിഎം മുന്നറിയിപ്പ് നൽകിയിരുന്നെന്നും അധികൃതർ സൂചിപ്പിച്ചു.
അറബിക്കടലിൽ നിന്നുള്ള ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പിണ്ഡം വടക്ക്-പടിഞ്ഞാറ് നിന്ന് ഒരു തണുത്ത വായു പിണ്ഡത്തെ കണ്ടുമുട്ടിയതാണ് രാജ്യത്തെ ബാധിച്ച പെരും മഴയ്ക്ക് കാരണമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം യുഎഇയിലുണ്ടായത്. പേമാരിയിലുണ്ടായ കെടുതികൾ രാജ്യത്ത് ഇപ്പോഴും തുടരുകയാണ്.