ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് ഭക്തര്‍ക്കായി തുറന്നുകൊടുക്കും. സഹിഷ്ണുതയുടെയും സാഹോദര്യത്തിൻ്റെയും സന്ദേശവുമാണ് ഇതിലൂടെ ദുബായ് ലോകത്തിന് നൽകുന്നത്. വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ ജബല്‍ അലിയില്‍ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപത്താണ് പുതിയ ക്ഷേത്രം പണിതിരിക്കുന്നത്.
സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി പതിനാറ് പ്രതിഷ്ഠകളുണ്ട് ക്ഷേത്രത്തില്‍. സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശനം അനുവദിക്കുക. സിഖ് മതത്തിലെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ഈ ക്ഷേത്രത്തിലുണ്ട്.
ഇന്ന് വൈകിട്ട് യുഎഇ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ ക്ഷേത്ര നട ഔദ്യോഗികമായി തുറക്കും. ക്ഷേത്രത്തിൽ പ്രവേശിക്കാന്‍ ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ ഇത്തരം നിബന്ധനകളില്ല. അബുദാബിയില്‍ മറ്റൊരു ഹിന്ദു ക്ഷേത്രവും നിര്‍മാണ ഘട്ടത്തിലാണ്.