പ്രവാസികളുടെ ജീവിതം പലപ്പോഴും ഇങ്ങനെയാണ്. കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് അന്യനാട്ടിൽ ജോലി ചെയ്യുന്നവർ. സ്വന്തം നാട്ടിലേക്ക് വർഷങ്ങൾ കൂടുമ്പോൾ മാത്രം അവധിയ്‌ക്കെത്തുന്ന അതിഥികൾ ആണവർ. പലപ്പോഴും ജീവിതം കെട്ടിപ്പടുത്ത അന്യ നാട്ടിൽ തന്നെ പ്രവാസികൾക്ക് ജീവൻ വെടിയേണ്ടി വരുകയും ചെയ്യാറുണ്ട്.
അത്തരത്തിൽ ദുബായിൽ ജോലി ചെയ്തു വരികയായിരുന്ന തൃശൂർ ഗുരുവായൂർ കാരക്കാട് വള്ളിക്കാട്ടുവളപ്പിൽ സുരേഷ് കുമാർ(59) ചികിത്സയിലിരിക്കെ മരണപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ മൃതദേഹം 12 ദിവസം കഴിഞ്ഞിട്ടും ജന്മനാട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. സൗദി ജർമൻ ആശുപത്രിയിൽ കെട്ടിവയ്ക്കാനുള്ള തുക അടയ്ക്കാത്തതായിരുന്നു കാരണം. എന്നാൽ ഇപ്പോൾ 13 ദിവസത്തിന് ശേഷം ആശുപത്രി അധികൃതർ മൃതദേഹം വിട്ട് നൽകിയിരിക്കുകയാണ്. ആശുപത്രിയിൽ അടയ്ക്കേണ്ടിയിരുന്ന മുഴുവൻ തുകയും അധികൃതർ വേണ്ടെന്ന് വച്ചതോടെയാണ് ഇത് സാധ്യമായത്.
മൃതദേഹം നാളെ രാവിലെ ആറ് മണിക്ക് ഷാർജ- കൊച്ചി എയർ ഇന്ത്യ എക്സ്പ്രസിൽ കേരളത്തിലെത്തും. ഇന്ന് വൈകുന്നേരം മൃതദേഹം ആശുപത്രിയിൽ നിന്ന് മുഹൈസിനയിലെ ( സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. എംബാമിങ് നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരിയും റിയാസ് കൂത്തുപറമ്പുമാണ് നേതൃത്വം നൽകുന്നത്.
ഏപ്രിൽ 22നാണ് സുരേഷ് കുമാർ ദുബായിലെ സൗദി ജർമൻ ഹോസ്‌പിറ്റലിൽ വച്ച് മരണപ്പെട്ടത്. 4,59,000 രൂപ ആശുപത്രിയിൽ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ അധികൃതർ മൃതദേഹം വിട്ടുകൊടുത്തില്ല. ഇതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിൽ കണ്ണീരോടെ കഴിയുകയായിരുന്നു. എന്നാൽ സുരേഷ് കുമാർ അംഗമായിരുന്ന ദുബായ് – കേരള ടാക്സി പിക്കപ്പ് ഡ്രൈവേഴ്സ്അ സോസിയേഷനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്കുള്ള ചെലവ് വഹിച്ചതോടെ കുറച്ച് ആശ്വാസമായി. ഭാരവാഹികളായ അൻവർ അലി പട്ടേപ്പാടം, അക്ബർ പാവറട്ടി എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. സാമൂഹിക പ്രവർത്തകനായ കിരൺ രവീന്ദ്രനും സംബന്ധിച്ചു. നാളെ ജീവിച്ചു വളർന്ന നാടിനോടും ജീവിതം കെട്ടിപ്പടുത്ത നാടിനോടും സുരേഷ് വിടപറയും.