യുഎഇയിലെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. സ്കൂൾ വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അഭിമുഖത്തിനും പരീക്ഷയ്ക്കും ശേഷമാകും അഡ്മിഷൻ ലഭിക്കുക. 2024 മാർച്ച് 31നോ അതിന് മുൻപോ 4 വയസ് പൂർത്തിയാകുന്ന കുട്ടികൾക്ക് മാത്രമാണ് കെ.ജി വണ്ണിലേക്ക് പ്രവേശനം ലഭിക്കുക. കെ.ജി ടൂവിലേക്ക് അഞ്ചും ഗ്രേഡ് വണ്ണിലേക്ക് ആറും വയസ് പൂർത്തിയാകണമെന്നാണ് നിയമം.
അഡ്മിഷനായി കുട്ടിയുടെയും രക്ഷിതാക്കളുടെയും താമസ വീസ, എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് കോപ്പി, സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ്, ഫോട്ടോ, വാക്സിനേഷൻ കാർഡ്, വാടക കരാർ പകർപ്പ് എന്നിവയാണ് രേഖകളായി സമർപ്പിക്കേണ്ടത്. വിദേശത്ത് പഠിച്ചവർക്ക് സാക്ഷ്യപ്പെടുത്തിയ ടിസി നിർബന്ധമാണ്. കെ.ജി വൺ പ്രവേശനത്തിന് സീറ്റുകളുടെ പത്ത് ഇരട്ടി വരെ അപേക്ഷ ലഭിക്കുന്നതിനാൽ നറുക്കെടുപ്പിലൂടെയാണ് പ്രവേശനം അനുവദിക്കുന്നത്.