ദുബായിലെ വാടക നിരക്കിൽ ഒന്നര വർഷത്തിന് ശേഷം കുറവുണ്ടാകുമെന്ന് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ് ആന്റ് പി ഗ്ലോബലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പുതിയ കെട്ടിട നിർമ്മാണ പദ്ധതികൾ നിരക്ക് കുറയ്ക്കാൻ സഹായകമാകുമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.
നിലവിൽ ദുബായിലെ താമസവാടക കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഒന്നര വർഷത്തിന് ശേഷം ട്രെന്റ് മാറുമെന്നാണ് എസ് ആൻ്റ് പി ഗ്ലോബലിൻ്റെ റിപ്പോർട്ട്. കോവിഡ് മഹാമാരിക്ക് ശേഷം നഗരത്തിൽ ആരംഭിച്ച വൻകിട പ്രോജക്ടുകൾ പൂർത്തിയാകുന്നതോടെ വാടകയിൽ കുറവുണ്ടാകുമെന്നാണ് എസ് ആൻ്റ് പിയുടെ പഠനം.
വാടക നിരക്കുകളിൽ അടുത്ത ഒന്നര വർഷം കുറവുണ്ടാകില്ല. എന്നാൽ പുതിയ പദ്ധതികൾ വരുന്നതോടെ ലഭ്യത വർധിക്കുകയും ആവശ്യം കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ താമസ സൗകര്യങ്ങൾ 18 മാസത്തിന് ശേഷം ലഭ്യമാകുമെന്നാണ് പഠനം പറയുന്നത്.