ദുബായിക്ക് പിന്നാലെ ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിച്ച് അബുദാബി. ഒരു മാസം നീളുന്ന വ്യായാമ പദ്ധതിയായ വോക് 1000ന് തുടക്കമാകുന്നു. നവംബർ 1 മുതൽ 30 വരെ നീളുന്ന ക്യാംപെയിനിൽ 1000 കിലോ മീറ്റർ നടത്തത്തിനാണ് ആക്ടീവ് അബുദാബി ആഹ്വാനം ചെയ്തിരിക്കുന്നത്.
സാംസ്‌കാരിക, ചരിത്ര, പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ ദിവസേന ശരാശരി 33 കിലോമീറ്റർ നടന്ന് ഒരു മാസം കൊണ്ട് 1000 കി.മീ പൂർത്തിയാക്കാനാണ് പദ്ധതി. സിലയിൽ നിന്ന് ആരംഭിച്ച് ലിവ മരുഭൂമിയിലൂടെ ജബൽ ഹഫീത് കടന്ന് അൽഐൻ വഴി അൽ വത്ബയിൽ അവസാനിക്കുന്ന വിധത്തിലാണ് വോക് 1000 ആസൂത്രണം ചെയ്‌തിരിക്കുന്നത്.
ആരോഗ്യകരമായ ജീവിതശൈലി വളർത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്കും നടത്തത്തിൽ പങ്കാളികളാകാം. ദിവസേന 6000 ചുവടുകൾ നടന്ന് 30 ദിവസത്തെ ചാലഞ്ചിന്റെ ഭാഗമാകണമെന്ന് സാമൂഹിക വികസന മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.