അബുദാബിയിൽ അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട കെട്ടിടങ്ങൾക്കായി 21,000 ത്തിലധികം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട്.അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഈ വർഷം മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ എമിറേറ്റിലുടനീളം 10,753 റെസിഡൻഷ്യൽ, കൊമേഴ്സ്യൽ കെട്ടിടങ്ങളും കേന്ദ്രങ്ങളും പരിശോധിച്ചു. ഇതിൽ അബുദാബി നഗരത്തിലെ 6,994 സ്ഥാപനങ്ങളും അൽ ഐനിൽ 3,494 ഉം അൽ ദഫ്രയിൽ 265 ഉം ഉൾപ്പെടുന്നു.
അഗ്നി സുരക്ഷാ ആവശ്യകതകൾ പാലിക്കാത്ത കെട്ടിടങ്ങൾക്കായി 21,271 മുന്നറിയിപ്പുകൾ നൽകി. അബുദാബിയിൽ 16,053 നോട്ടീസുകളും അൽ ഐൻ മേഖലയിലെയും അൽ ദഫ്രയിലെ കെട്ടിടങ്ങൾക്ക് യഥാക്രമം 4,212 ഉം 1,006 ഉം നോട്ടീസുകൾ നൽകി. അബുദാബി എമിറേറ്റിലുടനീളം അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കാനാണ് നീക്കം.“എമിറേറ്റിലെ സുരക്ഷാ, അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് നിർണായകമാണ്,”എന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ ബ്രിഗ് ജനറൽ സലേം അൽ ദഹേരി ഈ സംരംഭത്തെ അഭിനന്ദിച്ചു.
കെട്ടിടങ്ങളിൽ ഫയർ ഡിറ്റക്ടറുകളും ഫയർ അലാറം സംവിധാനങ്ങളും സ്ഥാപിക്കേണ്ടതുണ്ടെന്നും സിവിൽ ഡിഫൻസ് അംഗീകൃത കമ്പനികളുമായി സേവന കരാറുകൾ നിലനിർത്തുന്നതിനൊപ്പം മറ്റ് ആവശ്യകതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത കെട്ടിട ഉടമകൾക്ക് 50,000 ദിർഹം വരെ പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.