യുഎഇയുടെ പ്രതിരോധ വകുപ്പിന് കീഴിൽ 500 പേരുടെ സമൂഹവിവാഹം നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയോടെയാണ് പ്രതിരോധ വകുപ്പ് 500 പൗരന്മാരുടെ സമൂഹ വിവാഹം നടത്തിയത്. യുഎഇ സായുധ സേനയുടെ സുപ്രീം കമാൻഡറും അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലായിരുന്നു വിവാഹം.
സൈനികരും സാധാരണക്കാരും രക്തസാക്ഷികളുടെ മക്കളും ഉൾപ്പെടുന്നവരുടെ വിവാഹമാണ് യുഎഇയുടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ നടന്നത്. യുഎഇ സായുധ സേനകളുടെ ഏകീകരണത്തിന്റെ 47-ാം വാർഷികത്തോട് അനുബന്ധിച്ചാണ് രണ്ടാമത്തെ സമൂഹവിവാഹം സംഘടിപ്പിച്ചത്. അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ (ADNEC) ആണ് സമൂഹ വിവാഹം നടന്നത്.
ദമ്പതികൾക്കും അവരുടെ കുടുംബങ്ങൾക്കും ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ആശംസകൾ നേർന്നു. ചടങ്ങിൽ യുഎഇ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇസ സെയ്ഫ് ബിൻ അബ്ലാൻ അൽ മസ്റൂയി , പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി മതർ സേലം അലി അൽ ദഹേരി, സ്റ്റാഫ് മേജർ ജനറൽ ഷെയ്ഖ് അഹമ്മദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും വരന്മാരുടെ കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.