അബുദാബിയിലെ ബസ് യാത്രാനിരക്കിൽ മാറ്റം പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്. പുതിയ നിരക്കുകൾ ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിലെത്തി. പൊതുഗതാഗത സംവിധാനത്തിലുടനീളം മാറ്റം പ്രകടമാണ്. എമിറേറ്റിലെ പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കം.
ഏഴ് ദിവസത്തെ ബസ് ബോർഡിംഗ് പാസുകൾക്ക് 30 ദിർഹവും 30 ദിവസത്തെ പാസിന് 95 ദിർഹവുമാണ് നിരക്ക്. ബോർഡിംഗിന് സ്റ്റാൻഡേർഡ് നിരക്ക് 2 ദിർഹം കൂടാതെ ഓരോ കിലോമീറ്ററിനും 5 ഫിൽസ് അധികമായും ഈടാക്കും. അവസാന ടാപ്പ്-ഔട്ട് കഴിഞ്ഞ് 60 മിനിറ്റിനുള്ളിൽ പരമാവധി രണ്ട് ട്രാൻസ്ഫറുകൾക്ക് അധിക ബോർഡിംഗ് ഫീസ് നൽകാതെ തന്നെ യാത്ര ചെയ്യാനാകും.
നിരക്ക് മാറ്റത്തിന് പുറമെ കൂടുതൽ പ്രദേശങ്ങളിലേക്ക് ബസ് സർവ്വീസുകൾക്കും തുടക്കമിട്ടെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി . ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അബുദാബി , അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ നഗരങ്ങളും സബർബൻ പ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് ബസ് റൂട്ടുകളുടെ വിപുലീകരണം.
മുൻ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ടിക്കറ്റുകളുടെ വിൽപ്പന ഫെബ്രുവരി 27 മുതൽ നിർത്തലാക്കിയിട്ടുണ്ട്. ഈ തീയതിക്ക് മുമ്പ് പാസുകൾ വാങ്ങിയവർക്ക് അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ അവ ഉപയോഗിക്കാൻ അനുവാദമുണ്ട്. എന്നാൽ സബർബൻ പ്രദേശങ്ങളിൽ ഉപയോഗിക്കാനാവില്ല.
അതേസമയം അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റിയുടെയോ കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് മന്ത്രാലയത്തിൻ്റെയോ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്തിട്ടുള്ള എമിറാത്തി കുടുംബങ്ങൾക്കും സബ്‌സിഡിയുള്ള പൊതുഗതാഗത പാസുകൾക്ക് അർഹതയുണ്ട്. ഏഴ് ദിവസത്തെ പാസിന് 30 ദിർഹവും 30 ദിവസത്തെ പാസിന് 80 ദിർഹവുമാണ് നിരക്ക്.
മുതിർന്നവരുടേയും നിശ്ചയദാർഢ്യമുള്ളവരുടേയും പാസുകൾക്ക് പുറമെ 500 ദിർഹത്തിൻ്റെ വിദ്യാർത്ഥി വാർഷിക പാസിലും മാറ്റങ്ങൾ വരുത്തിയിട്ടില്ല. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കും സൗജന്യമായി യാത്ര ചെയ്യാം. ഓരോ യാത്രയിലും ഹാലിഫത്ത് കാർഡുകൾ ടാപ്പ് ചെയ്യേണ്ടത് നിർബന്ധമാണെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.