മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയിൽ എത്തിയാൽ തുടർച്ചയായി 90 ദിവസം താമസിക്കാമെന്നതാണ് പ്രത്യേകത. ഇതു 90 ദിവസത്തേക്കു കൂടി നീട്ടിയെടുക്കയും ചെയ്യാം. ഒരു തവണ എത്തിയാൽ തുടർച്ചയായി 180 ദിവസത്തിലധികം യുഎഇയിൽ തങ്ങാനാവില്ല. അതിനാൽ മറ്റേതെങ്കിലും രാജ്യത്തു പോയി തിരിച്ചെത്തിയാൽ വീണ്ടും ഇത്രയും കാലം താമസിക്കാം. അതുകൊണ്ട് ഈ വിസയ്ക്ക് പ്രിയം ഏറുകയാണ്.
5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ അപേക്ഷകരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവെന്നാണ് യുഎഇയിൽ നിന്നുള്ള റിപ്പോർട്ട്. വ്യവസായികളാണ് ഈ വിസ സാധാരണയായി ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ജോലി തേടി മക്കൾ മറുനാട്ടിൽ എത്തുമ്പോൾ നാട്ടിൽ തനിച്ചാകുന്ന മാതാപിതാക്കളുണ്ട്. അവരുടെ കുടുംബമുണ്ട്. ഇവരെയൊക്കെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഈ വീസ ഉപയോഗിക്കുന്നവർ ഉണ്ടെന്ന് ടൂറിസം വിവിധ ട്രാവൽ ഏജൻസികൾ പറയുന്നു.
ഈ വിസ ലഭിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി), ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) വെബ്സൈറ്റുകളിൽ നേരിട്ട് അപേക്ഷിക്കാം.
5 വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയ്ക്ക് 650 ദിർഹമാണ് ഫീസ്. അപേക്ഷിച്ചാൽ 10 ദിവസത്തിനകം ലഭിക്കും.