ദുബായിലെ നഗരവികസനത്തിന്റെ ഭാഗമായുള്ള ഇടറോഡുകളുടെ നിർമ്മാണം 72ശതമാനം പൂർത്തിയായെന്ന് ആർ.ടി.എ. എമിറേറ്റിലെ മർഗം, ലഹ്ബാബ് അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ ഇടറോഡുകളുടെ നിർമ്മാണമാണ് പൂർത്തീകരിക്കുന്നതായി അധികൃതർ അറിയിച്ചത്. ഇതോടൊപ്പം വിവിധ റോഡുകളോട് അനുബന്ധിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്.
ജനസംഖ്യ വളർച്ചയുടെയും നഗര വികസനത്തിന്റെയും ആവശ്യമനുസരിച്ച് എമിറേറ്റിലെ താമസക്കാരുടെ ക്ഷേമം മുൻനിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. റോഡ് നിർമ്മാണം, മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം, തെരുവുവിളക്കുകൾ എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മർഗമിൽ ദുബായ്-അൽ ഐൻ റോഡിന് ചേർന്നും ലഹ്ബാബിലും അഞ്ച് കി.മീറ്റർ നീളത്തിലാണ് ഇടറോഡുകൾ നിർമ്മിക്കുന്നത്. 11,000 താമസക്കാർക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. അൽ ലിസൈലിയിൽ ഏഴ് കി.മീറ്ററാണ് റോഡിന്റെ നീളം. ഇതോടൊപ്പം സെയ്ഹ് അസ്സലാമിലെയും അൽ ഖുദ്റ ലേക്സ് ഭാഗത്തെയും റോഡുകളിൽ 14 കി.മീറ്റർ നീളത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നുമുണ്ട്. ഹത്തയിൽ രണ്ട് കി.മീറ്റർ റോഡാണ് നിർമ്മാണത്തിലുള്ളത്.