ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ ആയ ജിടെക്സ് ഗ്ലോബിലന്റെ 44-മത് എഡിഷന് നാളെ ദുബായിൽ തുടക്കമാകും. ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് ഹാർബർ എന്നിങ്ങനെ രണ്ട് പ്രധാന വേദികളിലായാണ് ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്. നാളെ ആരംഭിക്കുന്ന ഇവന്റ് 18-നാണ് സമാപിക്കുക.
180 രാജ്യങ്ങളിൽ നിന്നായി 6,000ലധികം കമ്പനികളാണ് ഇത്തവണ ജിടെക്സ് ഗ്ലോബിലിൽ പങ്കെടുക്കുന്നത്. പ്രദർശനത്തിൽ ആഗോളതലത്തിലുള്ള സാങ്കേതികമേഖലയിലെ ഏറ്റവും നൂതനമായ വശങ്ങൾ അവതരിപ്പിക്കും. ടെക്നോളജിയിലെ അനന്തസാധ്യതകളേക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇതുവഴി അധികൃതർ ലഭ്യമാക്കുന്നത്.
40-ഓളം എക്സിബിഷൻ ഹാളുകളിലായാണ് ജിടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, മൊബിലിറ്റി, സസ്‌റ്റൈനബിൾ ടെക് തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികൾ ഈ മേളയിൽ പങ്കെടുക്കും. ഇത്തവണത്തെ മേളയിൽ ദുബായ് സർക്കാരും പങ്കാളിത്തം വഹിക്കും. ഡിജിറ്റൽ ദുബായിക്ക് പുറമെ 45-ഓളം പൊതു, സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ഒരു സംയുക്ത പവലിയൻ ദുബായ് സർക്കാർ ഒരുക്കുമെന്നാണ് റിപ്പോർട്ട്.