റമദാനിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച “1 ബില്യൺ മീൽസ് എൻഡോവ്‌മെന്റ്” കാമ്പെയ്‌നിൻ്റെ ആദ്യ 10 ദിവസങ്ങളിൽ സംഭാവനയായി 404 ദശലക്ഷം ദിർഹം സമാഹരിച്ചു.
കാമ്പെയ്‌നിന് പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസ്സുകൾ എന്നിവയുൾപ്പെടെ 70,000-ത്തിലധികം സംഭാവനകൾ ലഭിച്ചതായാണ് കണക്കുകൾ. കാമ്പെയ്‌നിൻ്റെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയെ സാക്ഷ്യപ്പെടുത്തുന്നതാണിത്.
കാമ്പെയ്‌നോടുള്ള ശ്രദ്ധേയമായ പ്രതികരണം ഉദാരമതികളും സഹായകരവുമായ യുഎഇ സമൂഹത്തിൻ്റെ യഥാർത്ഥ പ്രതിഫലനമാണെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു. ഇതിനകം 700,000ൽ അധികം സംഭാവനകളാണ് ലഭ്യമായത്. ഇത് ഭക്ഷ്യ സഹായ എൻഡോവ്‌മെൻ്റ് ഫണ്ടിൻ്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വർഷവും റമദാൻ കാലത്ത് ലോകമെമ്പാടുമുള്ള അധഃസ്ഥിത ജനവിഭാഗങ്ങളെ പിന്തുണയ്‌ക്കുക, പട്ടിണിയെ ചെറുക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളോടുള്ള പ്രതിബദ്ധത പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നേടിയ വിജയത്തിൻ്റെ പിന്തുടർച്ചയാണ് ഇക്കൊല്ലവും പ്രകടമാകുന്നത്.