15-ാമത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിനും (SCRF 2024) ഷാർജ ആനിമേഷൻ കോൺഫറൻസിൻ്റെ (SAC) രണ്ടാം പതിപ്പിനും ഷാർജയിലെ എക്‌സ്‌പോ സെൻ്ററിൽ തുടക്കമായി. ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ മെയ് 12 വരെ നീളും. അതേസമയം ആനിമേഷൻ കോൺഫറൻസ് മെയ് 5 ന് സമാപിക്കും.
പ്രതികൂലമായ കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യത്തെ എല്ലാ കലാ പരിപാടികളും ഹാളിനകത്ത് തന്നെയാണ് നടക്കുക. ഈ വർഷം, ‘വൺസ് അപ്പോൺ എ ഹീറോ’ എന്ന പ്രമേയത്തിന് കീഴിൽ, ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 12 ദിവസം നീണ്ടുനിൽക്കുന്ന അക്ഷരോത്സവത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 190 എഴുത്തുകാരും 75 രാജ്യങ്ങളിൽ നിന്നുള്ള 470 പ്രസാധകരും പങ്കെടുക്കും. 1,400 കലാ സാംസ്കാരിക വിനോദ പരിപാടികൾ അരങ്ങേറും.
12 ദിവസത്തെ ഫെസ്റ്റിവലിൽ പ്രസിദ്ധീകരണ മേഖലയിൽ, പ്രത്യേകിച്ച് ബാലസാഹിത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി പ്രമുഖരുടെ സാന്നിധ്യവും ഉണ്ടായിരിക്കും. വായനാശീലം വളർത്തിയെടുക്കുന്നതിനും പ്രാദേശിക, ആഗോള പുസ്തക വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നതിനുമുള്ള ചർച്ചകളും ഉണ്ടാകും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയോടെ ഫാമിലി അഫയേഴ്സ് സുപ്രീം കൗൺസിൽ ചെയർപേഴ്സൻ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.