ദുബായിലെ പ്രധാനപ്പെട്ട കായിക മത്സരയിനങ്ങളില്‍ ഒന്നായ ദുബായ് മാരത്തൺ നാളെ നടക്കും. എക്സ്പോ സിറ്റിയിലാണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു. ദുബായ് മാരത്തണിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ വിഭാഗം റേസുകളിലും പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കും.
42.195 കിലോമീറ്റർ ദൈർഘ്യമുള്ള പൂര്‍ണ മാരത്തണ്‍ മത്സരത്തിന് പുറമെ പത്ത് കിലോമീറ്റർ, നാല് കിലോമീറ്റർ മീറ്റർ വീതം മാരത്തണുകളും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് എക്പോസിറ്റിയെന്നും ദുബായ് മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സന്ദർശകർക്ക് വളരെ എളുപ്പത്തിൽ എക്സപോസിറ്റിയില് എത്തിച്ചേരാനാകുമെന്നും സംഘാടകര്‍ പറഞ്ഞു.
രാവിലെ 6 മണിക്ക് 42 കിലോമീറ്റര്‍ മാരത്തണിന് തുടക്കമാകും. 10 കിലോമീറ്റർ റോഡ് റേസിന് രാവിടെ 8 മണിക്കും 4 കിലോമീറ്റർ ഫൺ റണ്ണിന് 11 മണിക്കും സ്റ്റാർട്ടിംഗ് ഗൺ മുഴങ്ങും. അന്താരാഷ്ട്ര തലത്തിൽ ഗോൾഡ് ലേബൽ റോഡ് റേസ് എന്ന രീതിയിലാണ് ലോക അത്ലറ്റിക്സ് ഫെഡറേഷൻ ദുബായ് മാരത്തൺ കണക്കാക്കുന്നത്. അതേസമയം ദുബായ് മാരത്തണിന്റെ ഭാഗമായി ഞായറാഴ്ച മെട്രോ സമയം ദീര്‍ഘിപ്പിച്ചതായി ആര്‍ടിഎ അറിയിച്ചു. പുലര്‍ച്ചെ നാല് മണി മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും.