എമിറാത്തി ചരിത്രവും പൈതൃകവും സമഗ്രമായി വിവരിക്കുന്ന വിജ്ഞാനകോശം തയ്യാറാക്കാനൊരുങ്ങി യുഎഇ. ‘എൻസൈക്ലോപീഡിയ ഓഫ് യുഎഇ ഹിസ്റ്ററി’ എന്ന വിജ്ഞാനകോശം തയ്യാറാക്കുന്നതിനായുള്ള പദ്ധതിയാണ് ആരംഭിച്ചത്. നാഷണൽ ലൈബ്രറി ആന്റ് ആർകൈവ്സാണ് വിജ്ഞാനകോശം തയ്യാറാക്കുന്നത്.
വരും തലമുറയ്ക്ക് മുന്നിൽ യുഎഇയുടെ ചരിത്രം അടയാളപ്പെടുത്തുന്ന ഒരു ഗ്രന്ഥം എന്ന നിലയിലാണ് വിജ്ഞാനകോശം തയ്യാറാക്കുന്നത്. യുഎഇ പുറത്തിറക്കുന്ന ഇത്തരത്തിലുള്ള ആദ്യ എൻസൈക്ലോപീഡിയയാണിത്. യുഎഇയുടെ സാംസ്കാരിക മുദ്രകൾ, ചരിത്ര അടയാളങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നതിനും ഭാവിയിലേക്ക് അത് സംരക്ഷിക്കുന്നതിനുമായാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.
അഞ്ച് വർഷത്തിനുള്ളിൽ വിജ്ഞാനകോശം തയ്യാറാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. എൻസൈക്ലോപീഡിയ ഓഫ് യുഎഇ ഹിസ്റ്ററി എന്ന വിജ്ഞാനകോശം തുടക്കത്തിൽ ഡിജിറ്റൽ രൂപത്തിലായിരിക്കും പുറത്തിറക്കുക എന്നും അധികൃതർ വ്യക്തമാക്കി.