യുഎഇയിൽ 23 മില്യൺ ദിർഹം വിലമതിക്കുന്ന വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ. റാസൽഖൈമയിലെ ഗോഡൗണിൽ നിന്ന് വ്യാജ ലിപ്സ്റ്റിക്കുകൾ, ഷാംപൂകൾ, മറ്റ് വസ്തുക്കൾ ഉൾപ്പെടെയാണ് മൂന്ന് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് ഗോഡൗണുകളിലായി പോലീസ് നടത്തിയ റെയ്ഡിൽ 23 മില്യൺ ദിർഹം വിലമതിക്കുന്ന 6,50,000-ലധികം വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. മാർക്കറ്റിലെ മുൻനിര ബ്രാന്റുകളുടെ പേരിലിറക്കിയ വ്യാജ ഉല്പന്നങ്ങളായിരുന്നു ഗോഡൗണുകളിൽ ബോക്സുകളിൽ സൂക്ഷിച്ചിരുന്നത്.
സാമ്പത്തിക വികസന വകുപ്പിൻ്റെ രഹസ്യവിവരം ലഭിച്ചതിനേത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തിൻ്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി പൊലീസ് പരിശോധനകൾ കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.