യുഎഇയുടെ പ്രഥമ ചാന്ദ്രഗവേഷണ ദൌത്യം വിജയത്തിലെത്തിയില്ല. ജാപ്പനീസ് കമ്പനിയായ ഐ സ്‌പേയ്‌സിൻ്റെ ഹക്കുട്ടോ ആർ മിഷൻ ലാൻ്ററും യുഎഇ സ്വയം വികസിപ്പിച്ച റഷീദ് റോവറും ഉപയോഗിച്ചുളള ദൌത്യമാണ് അവസാന നിമിഷം പരാജയപ്പെട്ടത്. ചന്ദ്രൻ്റെ വടക്കുഭാഗത്ത് പേടകം ലാൻ്റ് ചെയ്ത് ചരിത്രം കുറക്കാനായിരുന്നു യുഎഇ ബഹിരാകാശ ശാസ്ത്ര സംഘത്തിൻ്റെ ശ്രമം. എന്നാൽ അവസാന നിമിഷം പേടകവുമായുളള ആശയവിനിമയം നഷ്ടമാവുകയായിരുന്നു.
ചന്ദ്രൻ്റെ വടക്ക് കിഴക്കൻ മേഖലയായ അറ്റ്‌ലസ് ഗർത്തത്തിന് സമീപം സോഫ്‌റ്റ് ലാൻ്റ് ചെയ്യാനായിരുന്നു നീക്കം. അതേസമയം ചന്ദ്രോപരിതലത്തിലെ ലാൻഡിംഗ് സംബന്ധിച്ച് എഞ്ചിനീയർമാർ സ്ഥിതിഗതികൾ പഠിക്കുകയാണെന്നും ലാൻ്റർ നിർമ്മാതാക്കളായ ഐ സ്പേസിൻ്റെ സ്ഥാപകൻ ഹകമാഡ യുഎഇയുടെ മുഹമ്മദ് ബിൻ റാഷിദ് സ്പെസ് സെൻ്ററിനെ അറിയിച്ചു.സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് യു.എ.ഇ.യുടെ റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറക്കാനായില്ലെന്ന് ദുബായ് മുഹമ്മദ് ബിൻ റാഷിദ് സ്‌പെയ്‌സ് സെൻ്റർ അധികൃതരും പിന്നീട് അറിയിച്ചു.
ചൊവ്വാഴ്‌ച രാത്രി യുഎഇ സമയം 8.40ന് ലാൻ്റർ ചന്ദ്രൻ്റെ ഒരു കിലോമീറ്റർ അടുത്തുവരെ എത്തിയെങ്കിലും തുടർന്ന് വാർത്താവിനിമയ ബന്ധം നഷ്ടപ്പെട്ടു. ചന്ദ്രൻ്റെ നൂറുകിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്‌തിരുന്ന പേടകത്തെ അഞ്ച് ഘട്ടങ്ങളിലായി വേഗത കുറച്ചുകൊണ്ടുവന്ന് ലാൻ്റ് ചെയ്യിക്കാനാണ് ലക്ഷ്യമിട്ടത്. മണിക്കൂറിൽ 5800 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച പേടകത്തൻ്റെ വേഗത കുറച്ച് താഴേക്ക് കൊണ്ടുവരുന്നതിനിടെയാണ് സിഗ്നൽ ബന്ധം വിച്ഛേദിക്കപ്പെട്ടത്.
സ്വയം നിയന്ത്രിത സംവിധാനമായി പ്രൊപ്പൽഷൻ എൻജിനുകൾ ജ്വലിപ്പിച്ച് വേഗത നിയന്ത്രിക്കുന്ന രീതിയാണ് പേടകത്തിലുണ്ടായിരുന്നത്. അവസാന ഘട്ടമായ രണ്ടു കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ വേഗത മൂന്ന് കിലോമീറ്ററായി കുറയ്ക്കാൻ കഴിഞ്ഞിരുന്നു. അവസാന നിമിഷങ്ങളിൽ പേടകം ഇടിച്ചിറങ്ങിയതോടെ നിയന്ത്രണം നഷ്ടമാവുകയും ഭൂമിയിലെ നിയന്ത്രിത സംവിധാനവുമായുളള ബന്ധം നിലക്കുകയുമായിരുന്നെന്നാണ് നിഗമനം.
കഴിഞ്ഞ ഡിസംബർ 11നാണ് ഫ്ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെൻ്ററിൽനിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ ഹക്കുട്ടോ വിക്ഷേപിച്ചത്. 135 ദിവസത്തെ ഭ്രമണത്തിന് ശേഷമാണ് പേടകം ലാൻ്റിംഗിനായി തയ്യാറെടുത്തത്. റാഷിദ് റോവർ ദൌത്യം പരാജയപ്പെട്ടെങ്കിലും തുടർ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് യുഎഇ. ഇതിനകം രണ്ട് ബഹിരാകാശ പദ്ധതികൾ കൂടി യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.