യുഎഇയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. ഇന്ന് മൂന്ന് ദിർഹം വർധിച്ചതോടെ വില സർവ്വകാല റെക്കോർഡിലാണ് എത്തിയത്. 24 കാരറ്റ് സ്വർണ്ണത്തിന് 273.75 ദിർഹമാണ് ഇന്നത്തെ വില. ഒരാഴ്ചയ്ക്കിടെ ഗ്രാമിന് എട്ട് ദിർഹമാണ് വർധിച്ചത്.
24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് ഇന്ന് രാവിലെ 3.25 ദിർഹമാണ് ഉയർന്നത്. 22 കാരറ്റിന് ഗ്രാമിന് 253.5, 21 കാരറ്റിന് 245.25 ദിർഹം, 18 കാരറ്റിന് 210.25 ദിർഹം എന്നിങ്ങനെയാണ് നിലവിലെ വില. സ്വർണ്ണത്തിന്റെ ആഗോള വില 2,200 ഡോളറിന് മുകളിൽ ഉയർന്നതോടെയാണ് ഇന്ന് യുഎഇയിൽ സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്.
ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ റിപ്പോർട്ട് അനുസരിച്ച് സ്വർണ്ണം 24 കാരറ്റിന് കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ ഗ്രാമിന് 262.5 ദിർഹമായിരുന്നുവെങ്കിൽ വെള്ളിയാഴ്ച ഗ്രാമിന് 270.5 ദിർഹമായി വർധിച്ചു. അതുപോലെ 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്ക് ഗ്രാമിന് യഥാക്രമം 250.5 ദിർഹം, 242.5 ദിർഹം, 207.75 ദിർഹം എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വില.
ആഗോളതലത്തിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,259.85 ഡോളറാണ് വില. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ സ്‌പോട്ട് ഗോൾഡ് ഗ്രാമിന് 2,172 ഡോളറിൽ നിന്ന് അവസാനത്തോടെ 2,232.75 ഡോളറായിരുന്നു. ഏപ്രിലിൽ സ്വർണവില ഔൺസിന് 2,140 ഡോളറിനും 2,200 ഡോളറിനും ഇടയിലായിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഈ നിലയിൽ തുടർന്നാൽ യുഎഇയിൽ സ്വർണ്ണ വില പ്രവചനാതീതമാകുമെന്നാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്.