സുവർണ ജൂബിലി ആഘോഷിച്ച് യുഎഇ സെൻട്രൽ ബാങ്ക്. സെൻട്രൽ ബാങ്കിന്റെ 50-ാം വാർഷികം അതിവിപുലമായാണ് ആഘോഷിച്ചത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും സെൻട്രൽ ബാങ്ക് ബോർഡ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ആഘോഷത്തിൽ പങ്കെടുത്തു.
1980-ലാണ് യുഎഇ സെൻട്രൽ ബാങ്ക് സ്ഥാപിതമായത്. 1973-ൽ സ്ഥാപിതമായ കറൻസി ബോർഡായിരുന്നു സെൻട്രൽ ബാങ്കിന്റെ മുൻഗാമി. സ്വതന്ത്ര കറൻസി പുറപ്പെടുവിക്കുക എന്നതായിരുന്നു കറൻസി ബോർഡിന്റെ പ്രഥമലക്ഷ്യം. കറൻസി ബോർഡ് സ്ഥാപിതമായ അതേ ദിവസം തന്നെ പുതിയ യുഎഇ ദിർഹവും പ്രചാരത്തിൽ എത്തുകയായിരുന്നു.
അബുദാബി നാഷണൽ എക്‌സിബിഷൻ സെൻ്ററിൽ നടന്ന വാർഷികാഘോഷത്തിൽ ഷെയ്ഖ് സുറൂർ ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഷെയ്ഖ് അബ്‌ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, ഖാലിദ് മുഹമ്മദ് ബലാമ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.