പൊതുമേഖലാ ജീവനക്കാർക്കുള്ള ഔദ്യോഗിക ഈദ് അൽ അദ്ഹ അവധികൾ യുഎഇ പ്രഖ്യാപിച്ചു. ചന്ദ്രന്റെ ദർശനത്തെ ആശ്രയിച്ചായിരിക്കും ഉത്സവ അവധിയുടെ ദൈർഘ്യം തീരുമാനിക്കപ്പെടുക. നാല് ദിവസമാണ് അവധി ലഭിക്കുക. വാരാന്ത്യഅവധി കൂടി കണക്കാക്കുമ്പോൾ ആറ് ദിവസം വരെ അവധി ലഭിച്ചേക്കാം.
ഇസ്ലാമിക ഹിജ്റി കലണ്ടർ പ്രകാരം 9 മുതൽ 12 വരെയാണ് ദുൽഹിജ്ജ എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) അറിയിച്ചു. ഇതിൽ ഇസ്ലാമിലെ ഏറ്റവും പവിത്രമായ ദിവസമായി കണക്കാക്കുന്നത് ദുൽഹിജ്ജ 9 അറഫാത്ത് ദിനമാണ്. ഇത് ത്യാഗത്തിന്റെ ഉത്സവം എന്നറിയപ്പെടുന്നു.
ഗ്രീഗോറിയൻ കലണ്ടർ പ്രകാരമുള്ള അവധി ദിവസങ്ങൾ ജൂൺ 18-ന് തീരുമാനിക്കപ്പെടും. ഇസ്ലാമിക മാസത്തിന്റെ ആരംഭം സൂചിപ്പിക്കുന്ന ചന്ദ്രക്കല കാണുമ്പോൾ ഗ്രിഗോറിയൻ കലണ്ടർ തിയതി അധികൃതർ നിശ്ചയിക്കും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം അറഫാത്ത് ദിനം ജൂൺ 27-ന് ആകാൻ സാധ്യതയുണ്ട്. ഈദ് അടുത്ത ദിവസമായ ജൂൺ 28-ന് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, അവധി ജൂൺ 27 ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയാകാനാണ് സാധ്യത.