സുരക്ഷാ നിയമങ്ങൾ ലംഘിച്ചത് ശ്രദ്ധയിൽപ്പെട്ടതിനാൽ അബുദാബിയിലെ രണ്ട് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ച് പൂട്ടി. അബുദാബി ഹെൽത്ത് സെന്റർ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ നടപടി ക്രമങ്ങളും അണുബാധ നിയന്ത്രിക്കുന്നതിനുമുള്ള മാർഗങ്ങൾ പാലിക്കുന്നതിൽ ഈ രണ്ട് കേന്ദ്രങ്ങളും പരാജയപ്പെട്ടുവെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അതേസമയം അടച്ച് പൂട്ടപ്പെട്ട ആരോഗ്യ കേന്ദ്രങ്ങൾ കാലാവധി കഴിഞ്ഞ ഉപകരണങ്ങളും വസ്തുക്കളും ഉപയോഗിച്ചതായും കണ്ടെത്തി. കൂടാതെ മെഡിക്കൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിൽ ഇരു കേന്ദ്രങ്ങളും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.
സുരക്ഷാ നടപടികൾ നടപ്പിലാക്കിയോ എന്ന് പരിശോധിക്കുന്നതിനായി ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഇരു കേന്ദ്രങ്ങളും വീണ്ടും സന്ദർശിക്കും. എല്ലാ വിധത്തിലുമുള്ള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും അതിന്റെതായ നിയമങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. അതിന് ശേഷം മാത്രമേ പ്രവർത്തനാനുമതി നൽകുകയുള്ളു. അന്താരാഷ്ട്ര മികവ് പുലർത്തുന്ന ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തണമെന്ന് എല്ലാം ആരോഗ്യ കേന്ദ്രങ്ങളോടും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.