ഇടതടവില്ലാതെ പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ മുങ്ങിയിരിക്കുകയാണ് ദുബായ്. റോഡുകളിൽ വെള്ളക്കെട്ട് വ്യാപകമായതോടെ പലസ്ഥലങ്ങളിലും ഗതാഗതം വഴിതിരിച്ചുവിടുകയാണ്. ഇതിന്റെ ഭാഗമായി ജബൽ അലി ഏരിയയിലെ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതവും വഴിതിരിച്ചുവിട്ടതായി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
അബുദാബിയിലേയ്ക്ക് പോകുന്നവർ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെയും എമിറേറ്റ്സ് റോഡിലൂടെയും സഞ്ചരിക്കണമെന്നും അബുദാബിയിൽ നിന്ന് വരുന്നവർക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും എമിറേറ്റ്സ് റോഡിലേക്കും സെയ്ഹ് ഷുഐബ് സ്ട്രീറ്റിലേയ്ക്കും തിരിഞ്ഞ് യാത്ര ചെയ്യണമെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്.
ഇന്നലെ രാത്രി പെയ്ത മഴയേത്തുടർന്ന് ഷെയ്ഖ് സായിദ് റോഡിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. ദുബായിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്ത നിരവധിപേർ വെള്ളക്കെട്ടിലകപ്പെട്ടതോടെയാണ് ആർടിഎ അധികൃതർ ഗതാഗതം വഴിതിരിച്ചുവിടാൻ തീരുമാനിച്ചത്. വാഹനമോടിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി ദുബായ് പോലീസും എമർജൻസി ടീമും എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്.