പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്.
ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ ഡിസംബർ 31-ന് രാവിലെ 8 മണി മുതൽ രാത്രി 11:59 വരെയും ജനുവരി 1-ന് അർധരാത്രി 12 മണി മുതൽ രാത്രി 11:59 വരെയും പ്രവർത്തിക്കും. ഡിസംബർ 31-ന് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ട്രാം സേവനങ്ങൾ ജനുവരി 2-ന് പുലർച്ചെ 1മണി വരെയും പ്രവർത്തിക്കും. ദുബായ് ബസ് സർവീസുകൾ ജനുവരി 1-ന് രാവിലെ 4:30 മുതൽ പിറ്റേന്ന് അർധരാത്രി 12:30 വരെയുമാണ് പ്രവർത്തിക്കുക. മെട്രോലിങ്ക് ബസുകൾ മെട്രോ പ്രവർത്തനസമയക്രമവും പാലിക്കുമെന്നും ആർ.ടി.എ അറിയിച്ചു.
രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകളിലും ഇന്ന് മുതൽ ജനുവരി 1 വരെ ആർ.ടി.എ മാറ്റം വരുത്തിയിട്ടുണ്ട്. റൂട്ട് E100 – ഇബ്ൻ ബത്തൂത്ത സ്റ്റേഷൻ മുതൽ അബുദാബി വരെയും റൂട്ട് E102 – ഇബ്ൻ ബത്തൂത്ത സ്റ്റേഷൻ മുതൽ മുസഫ വരെയും സർവ്വീസ് നടത്തും.