സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ എച്ച്പിവി (ഹ്യൂമൻ പാപില്ലോമ വൈറസ്) വാക്സിൻ ഉപയോഗിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നൽകി. മന്ത്രാലയത്തിന്റെ അംഗീകൃത വാക്സിൻ പട്ടികയിൽ എച്ച്പിവി വാക്സിനെ ഉൾപ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രൊട്ടക്ഷൻ കമ്യൂണിക്കബിൾ ഡിസീസ് ഡിവിഷൻ ഡയറക്ടർ ഡോ.ഹമദ് ഇ.അൽ റുമൈഹി അറിയിച്ചു.
ആഗോളതലത്തിൽ ദേശീയ പ്രതിരോധ പ്രോഗ്രാമുകളുടെ ഭാഗമായി 125 രാജ്യങ്ങൾ ഈ വാക്സിൻ നിലവിൽ ഉപയോഗിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ മെഡിസിൻ ഏജൻസി എന്നിവ വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്.
11 മുതൽ 26 വയസ് വരെ പ്രായമുള്ള ആൺ- പെൺ കുട്ടികൾക്കാണ് എച്ച്പിവി വാക്സിൻ നൽകുന്നത്. 11 മുതൽ 14 വയസുവരെയുള്ളവർക്ക് 2 ഡോസ് ആയും 15 മുതൽ 26 വയസ് വരെ പ്രായമുള്ളവർക്ക് 3 ഡോസ് ആയുമാണ് നൽകുന്നത്. 45 വയസ് വരെ പ്രായമുള്ള രോഗസാധ്യത കൂടിയവർക്കും ആവശ്യമെങ്കിൽ വാക്സിൻ എടുക്കാൻ സാധിക്കും.
ഒരു കൂട്ടം വൈറസുകളാണ് എച്ച്പിവി. തല, കഴുത്ത് എന്നിവിടങ്ങളിലെ അർബുദം, അരിമ്പാറ, റസ്പിറേറ്ററി പാപില്ലോമാറ്റോസിസ് എന്നിവയ്ക്കാണ് ഇവ കാരണമാകുന്നത്. പ്രധാനമായും സെർവിക്കൽ കാൻസറിനാണ് ഈ വൈറസ് വഴിതെളിക്കുന്നത്. എച്ച്പിവി അണുബാധ മിക്കവരിലും സ്വയം പരിഹരിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ ചില അണുബാധകൾ അർബുദത്തിന് കാരണമായേക്കാം. ഇത് ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെങ്കിലും വാക്സിൻ ഉപയോഗിച്ച് പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.